ഫണ്ട് വെട്ടിക്കുറച്ചത് പിൻവലിക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
Saturday, February 1, 2025 2:25 AM IST
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്കായി ബജറ്റിൽ നീക്കിവച്ച തുക വലിയതോതിൽ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ ന്യൂനപക്ഷവിഭാഗങ്ങൾക്ക് സ്കോളർഷിപ്പുകളിൽ അർഹമായ പ്രാതിനിധ്യം അനീതിപരമായ 80 :20 അനുപാതത്തിലൂടെ ദീർഘനാളത്തേക്ക് നിഷേധിക്കപ്പെട്ടിരുന്നു. കോടതി ഇടപെടലിലൂടെ ഈ അനീതി ഒഴിവാക്കിയശേഷം അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ട് മൂന്നു വർഷം മാത്രമേ ആയിട്ടുള്ളൂ. ഈ സാഹചര്യം നിലനിൽക്കുമ്പോൾ ഈ വർഷം സ്കോളർഷിപ്പിനു വകയിരുത്തിയ തുകയിൽ വലിയതോതിൽ വെട്ടിക്കുറവ് വരുത്തിയത് സംശയകരമാണ്.
ഈ വർഷത്തെ വിവിധ സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചശേഷമാണു വൻതോതിൽ തുക വെട്ടിക്കുറച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും സ്കോളർഷിപ്പുകളുടെ എണ്ണം കുറയ്ക്കുന്ന ഈ നടപടി ന്യൂനപക്ഷ വിദ്യാർഥികളോടുള്ള അനീതിയായി കണക്കാക്കേണ്ടിവരും.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനോ തുടർനടപടികൾ സ്വീകരിക്കുന്നതിനോ ന്യൂനപക്ഷ ക്ഷേമവകുപ്പ് തയാറായിട്ടില്ല. നിലവിലുള്ള സ്കോളർഷിപ്പുകൾകൂടി അപ്രസക്തമാക്കുന്ന രീതിയിലേക്ക് ന്യൂനപക്ഷക്ഷേമവകുപ്പ് തീരുമാനങ്ങളെടുക്കുന്നു.
ന്യൂനപക്ഷ സ്കോളർഷിപ്പിന്റ് ഫണ്ടുകൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിച്ച് ഇടക്കാല ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കണമെന്നും പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആവശ്യപ്പെട്ടു.