ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: ദന്പതിമാർ അറസ്റ്റിൽ
Sunday, February 2, 2025 1:27 AM IST
കൽപ്പറ്റ: സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഹാർഡ്ബോർഡ് പെട്ടിയിലും ബാഗിലുമാക്കി ഉപേക്ഷിച്ച സംഭവത്തിൽ യുപി സ്വദേശികളായ ദന്പതിമാർ അറസ്റ്റിൽ.
വെള്ളിലാടിയിൽ വാടകക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് ആരിഫ്(38), ഭാര്യ ഷബീബ(30)എന്നിവരെയാണ് നാട്ടുകാരനും സുഹൃത്തുമായ പെയിന്റിംഗ് തൊഴിലാളി മുഖീബിനെ(25)കൊലപ്പെടുത്തിയ കേസിൽ അറസ്റ്റുചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെ ദന്പതികൾ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് കൊലപാതകം നടന്നത്. ഉച്ചയോടെ ആരിഫ്എത്തിയപ്പോൾ മുഖീബ് ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നു. സംശയകരമായ സാഹചര്യത്തിൽ കണ്ട സുഹൃത്തിനെ ആരിഫ് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
പിന്നീട് ടൗണിലെത്തി കത്തിവാങ്ങി തിരിച്ചെത്തിയ ആരിഫ് ഭാര്യയെ മുറിയിൽനിന്നു മാറ്റിയശേഷം മൃതദേഹം അരയുടെ ഭാഗത്ത് മുറിച്ച് രണ്ട് കഷണങ്ങളാക്കി. വീട്ടിലുണ്ടായിരുന്ന ഹാർഡ്ബോർഡ് പെട്ടിയിലും ബാഗിലും സൂക്ഷിച്ച ശരീരഭാഗങ്ങൾ രാത്രി സുഹൃത്തുമായ ആസാം സ്വദേശിയുടെ ഗുഡ്സ് ഓട്ടോയിൽ കയറ്റി മൂളിത്തോട് എത്തിച്ചു. മൂളിത്തോട് പാലത്തിന് മുകളിൽ വാഹനം നിർത്താൻ ആവശ്യപ്പെട്ട ആരിഫ് ബാഗ് താഴേക്ക് എറിഞ്ഞു. കുറച്ചുമാറി പെട്ടിയും ഉപേക്ഷിച്ചു.
സംശയം തോന്നി ഓട്ടോ ഡ്രൈവർ തിരക്കിയപ്പോൾ ആരിഫ് കാര്യം പറഞ്ഞു. ആരിഫിനെ വീട്ടിൽ എത്തിച്ചശേഷം ഡ്രൈവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാത്രി പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങൾ നിറച്ച ബാഗും പെട്ടിയും കണ്ടെത്തിയത്. രാത്രിതന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. ഉച്ചയോടെ പ്രതികളുമായി തെളിവെടുപ്പ് നടത്തി. അന്വേഷണ ഉദ്യോഗസ്ഥരോട് കൂസലില്ലാതെയാണ് ആരിഫ് സംഭവം വിശദീകരിച്ചത്. ഷബീബയുമായി മുഖീബിന് അവിഹിതബന്ധം ഉണ്ടെന്ന സംശയമാണ് കൊലയിൽ കലാശിച്ചത്. വെള്ളിയാഴ്ച രാത്രി പോലീസ് സീൽ ചെയ്ത ക്വാർട്ടേഴ്സിൽ ഇന്നലെ പകൽ വിശദ പരിശോധന നടന്നു.
മാനന്തവാടി ഡിവൈഎസ്പിയുടെ ചുമതലയുള്ള ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.