അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ്
Saturday, February 1, 2025 1:53 AM IST
തിരുവനന്തപുരം: കായംകുളം കായലിൽനിന്നും തോട്ടപ്പള്ളി പുലിമുട്ടിൽനിന്നും ഉപ്പുവെള്ളം കയറി കുട്ടനാട്, കരിനിലം ഓണാട്ട് കര, അപ്പർ കുട്ടനാട് അടക്കമുള്ള മേഖലയിലെ നെൽകൃഷി നശിക്കുന്ന സാഹചര്യത്തിൽ ദുരന്തബാധിതരായ മുഴുവൻ കൃഷിക്കാർക്കും അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ് ആവശ്യപ്പെട്ടു.
തോട്ടപ്പള്ളി സ്പിൽവേയിലുള്ള മണ്ണെടുപ്പ് മൂലവും കാലപ്പഴക്ക കൊണ്ടും തകരാറിലായ ഷട്ടറുകൾ അറ്റകുറ്റപ്പണി നടത്താത്തതും ചേർച്ച തടയാൻ കാലങ്ങളായി സ്ഥാപിച്ച് പോന്നിരുന്ന ഓരു മുട്ടുകൾ സ്ഥാപിക്കുന്നതിൽ മൈനർ ഇറിഗേഷൻ, ഇറിഗേഷൻ വകുപ്പുകൾ കാട്ടുന്ന അനാസ്ഥ മൂലവും കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഉപ്പിന്റെ സാന്ദ്രത വലിയ തോതിൽ വർധിച്ചിരിക്കുകയാണ്.
പുറക്കാട് പഞ്ചായത്തിലെ മന്ത്രതോട്ടിലും സമാനമായ സാഹചര്യമാണുള്ളത്. 25,000ത്തിലധികം ഏക്കറിലെ കൃഷി ഉണങ്ങി നശിച്ച സാഹചര്യമാണ്. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വലിയ വീഴ്ചയാണിതെന്ന് മാജൂസ് മാത്യൂസ് ചൂണ്ടിക്കാട്ടി.
കർഷക കോൺഗ്രസ് സംഘം മൂന്നിന് കുട്ടനാട്ടിലെ ഈ മേഖലകൾ സന്ദർശിക്കുമെന്നും സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.