സുറിയാനി പഠനത്തിനും ഗവേഷണത്തിനും വലിയ പ്രാധാന്യം: ഡോ. സി.ടി. അരവിന്ദകുമാർ
Sunday, February 2, 2025 1:27 AM IST
കോട്ടയം: സുറിയാനി പഠനത്തിന്റെ ദൈവശാസ്ത്ര-മതപരമായ സമീപനങ്ങൾക്കുപുറമേ, അതിന്റെ പരിസ്ഥിതി ബോധത്തോടുള്ള ബന്ധം എന്നൊരു പുതിയ ഗവേഷണ മേഖല ഉയർന്നുവരികയാണെന്ന് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ.
വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന അന്തർദേശീയ സുറിയാനി ദൈവശാസ്ത്ര സിമ്പോസിയത്തിന്റെ സമാപന സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സുറിയാനി പഠനത്തിലൂടെ, പരിസ്ഥിതി സംരക്ഷണത്തിലും പരിസ്ഥിതി നീതിയിലുമുള്ള സമാനതകൾ കണ്ടെത്താൻ സാധിക്കും. സുറിയാനി പഠനം ഭാഷ, ദൈവശാസ്ത്രം, സാംസ്കാരിക ചരിത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയെ ഏകീകരിച്ചുകൊണ്ടു നടത്തുന്ന ഗവേഷണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഡോ. അരവിന്ദകുമാർ പറഞ്ഞു.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, ജർമനിയിലെ മാർബുർഗ് യൂണിവേഴ്സിറ്റി പ്രഫ. ഡോ. കാൾ പിംഗേര എന്നിവർ സമാപന ദിവസത്തെ പ്രഭാഷണങ്ങൾക്ക് നേതൃത്വം നൽകി.
പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ദൈവശാസ്ത്ര വിഭാഗം ഡീൻ ഡോ. വർഗീസ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റ് ഡോ. തോമസ് കുഴിപ്പിൽ എന്നിവർ പ്രസംഗിച്ചു.
പതിനാല് മുഖ്യപ്രഭാഷണങ്ങളും മുപ്പതിമൂന്ന് ലഘു പ്രബന്ധാവതരണങ്ങളും ഇരുപതു ഹ്രസ്വ പഠനങ്ങളുടെ അവതരണവും ചർച്ചകളും സിമ്പോസിയത്തിന്റെ ഭാഗമായിരുന്നു. സുറിയാനി ഭാഷയ്ക്കും പാരമ്പര്യത്തിനും മികവുറ്റ സംഭാവനകൾ നൽകിയ റവ. ഡോ. ജേക്കബ് തേക്കേപറമ്പിലിനെ ചടങ്ങിൽ ആദരിച്ചു.