പ്രവാസി അപ്പൊസ്തലേറ്റ് അംഗങ്ങള്‍ക്കായി പ്രിവിലേജ് കാര്‍ഡ് പദ്ധതി ആരംഭിച്ചു
Saturday, February 1, 2025 2:25 AM IST
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടും മാര്‍ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാര്ഷികത്തോടും അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാഗമായി പ്രവാസി അപ്പൊസ്തലേറ്റുമായി സഹകരിച്ച് പ്രവാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികള്‍ക്കു തുടക്കമായി.
പ്രവാസികള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡ് പദ്ധതിയുടെ പ്രകാശനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സാന്നിധ്യത്തില്‍ നടത്തി. പ്രവാസി അപ്പൊസ്തലേറ്റ് അംഗങ്ങള്‍ നാടിനു വേണ്ടി നല്കുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും നാടിന്റെ വളര്ച്ചയ്ക്കുവേണ്ടിക്കൂടി പ്രയത്നിക്കുന്ന പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നത് ഏവരുടെയും കടമയാണെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
പ്രവാസി അപ്പൊസ്തലേറ്റ് ഇന്‍ചാര്‍ജ് മോണ്‍. ജോസഫ് തടത്തിൽ അധ്യക്ഷനായിരുന്നു. മാര്‍ സ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കലില്നിന്ന് പ്രവാസി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ പ്രിവിലേജ് കാര്‍ഡ് ഏറ്റുവാങ്ങി. പ്രവാസി അപ്പൊസ്തലേറ്റ് അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, നഴ്സിംഗ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കണിയാംപടിക്കല്, ആശുപത്രി ഓപ്പറേഷന്‍സ് ആന്‍ഡ് പ്രോജക്ട്സ് ഡയറക്ടര്‍ ഫാ. ജോസ് കീരഞ്ചിറ, പ്രവാസി അപ്പൊസ്തലേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജിമോന്‍ മങ്കുഴിക്കരി (ഇന്ത്യ), സിവി പോള്‍ (മിഡില്‍ ഈസ്റ്റ് കോഓര്‍ഡിനേറ്റര്‍), മനോജ് മാത്യു (മെഡി കെയര്‍ കോഓര്‍ഡിനേറ്റര്‍), റെജി ജോര്‍ജ് (ഖത്തര്‍), ജൂട്ടസ് പോള്‍ (എക്സിക്യൂട്ടീവ് മെംബര്‍), ഷാജി ജേക്കബ് (കുവൈറ്റ്), ജെറി ജോസഫ് (സൗദി), ഷിജി റെന്നി (ഇസ്രയേല്‍), ബാബു ജോസഫ് (ഒമാന്‍), എബി മുതുകാട്ടില്‍ (യുഎഇ)എന്നിവര്‍ പ്രസംഗിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി അപ്പൊസ്തലേറ്റ് അംഗങ്ങള്‍ ഓണ്‍ലൈനായും ചടങ്ങില്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി പ്രവാസി അപ്പൊസ്തലേറ്റിലെ അംഗങ്ങള്‍ക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടര്‍മാരില്‍നിന്നു സെക്കന്‍ഡ് ഒപ്പീനിയന് സ്വീകരിക്കാനുളള സംവിധാനം, കുടുംബാംഗങ്ങള്‍ക്കായി പ്രത്യേക ഹോം കെയര്‍ സേവനങ്ങള്‍, ഓണ്‍ലൈന്‍ വെബിനാറുകള്‍, ആശുപത്രിയില്‍ വ്യക്തിഗത സേവനം, പ്രത്യേക ഹെല്‍ത്ത് ചെക്ക്അപ്പ് തുടങ്ങിയ വിവിധ സേവനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.