വിദ്യാർഥിയുടെ മരണം: പോലീസ് മൊഴി രേഖപ്പെടുത്തി
Sunday, February 2, 2025 1:26 AM IST
തൃപ്പൂണിത്തുറ: വിദ്യാർഥി ഫ്ലാറ്റിൽനിന്നു ചാടി മരിച്ച സംഭവത്തിൽ വിദ്യാർഥി നേരത്തെ പഠിച്ചിരുന്ന ഇൻഫോപാർക്ക് ജെംസ് സ്കൂളിലെ വൈസ് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ തുടങ്ങിയവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
മരിച്ച മിഹിർ അഹമ്മദിന്റെ അമ്മ റജ്ന പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സാഹചര്യത്തിലാണു കുട്ടി പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകരുടെ മൊഴി തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് രേഖപ്പെടുത്തിയത്.
തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൽ താമസിക്കുന്ന സലീം-റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ് (15) ജനുവരി 15നാണ് ഫ്ലാറ്റിന്റെ 26-ാം നിലയിൽനിന്നു ചാടി മരിച്ചത്.
തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്ന മിഹിർ അഹമ്മദ് വൈകുന്നേരം സ്കൂളിൽനിന്ന് എത്തിയശേഷം 3.50 ഓടെ താഴേക്ക് ചാടുകയായിരുന്നു. സ്കൂളിൽ മിഹിർ ക്രൂരമായ റാഗിംഗിന് ഇരയായെന്നും ഇതാണു മരണത്തിലേക്ക് നയിച്ചതെന്നുമാണ് രക്ഷിതാക്കളുടെ പരാതി.
സ്കൂളിനെതിരേ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ബാലാവകാശ കമ്മീഷനും രക്ഷിതാക്കൾ കഴിഞ്ഞദിവസം വീണ്ടും പരാതി നൽകിയിരുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം സ്കൂൾ അധികൃതർ നിഷേധിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.