സീഡ് സൊസൈറ്റി തലവൻ അറസ്റ്റിൽ; തട്ടിപ്പിനെതിരേ കണ്ണൂർ സിപിഎം മൗനത്തിൽ
Sunday, February 2, 2025 1:27 AM IST
കണ്ണൂർ: സീഡ് സൊസൈറ്റി തലവൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ. നാട്ടിൽ അരങ്ങേറിയ തട്ടിപ്പിനെപ്പറ്റി അറിഞ്ഞിട്ടും ഇതിനെതിരേയുള്ള കണ്ണൂരിലെ സിപിഎമ്മിന്റെ മൗനം ചർച്ചയാകുന്നു.
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റ് സൊസൈറ്റിയുടെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒന്പത് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നാഷണൽ എൻജിഒ ഫെഡറേഷൻ ദേശീയ കോ-ഓർഡിനേറ്റർ എന്നവകാശപ്പെട്ടിരുന്ന തൊടുപുഴയിലെ ചൂരകുളങ്ങര അനന്ദു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയിലെ സൊസൈറ്റിയുടെ പേരിൽ സംസ്ഥാന വ്യാപകമായി 62 സീഡ് സൊസൈറ്റികൾ ഉണ്ടാക്കിയാണു തട്ടിപ്പ് അരങ്ങേറിയത്. പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ, ലാപ്ടോപ്, തയ്യൽ മെഷീൻ തുടങ്ങിയവ വാഗ്ദാനം ചെയ്താണു പണപ്പിരിവ് നടത്തിയത്.
ഇത്തരത്തിൽ മാത്തിൽ മേഖലയിൽ തട്ടിപ്പ് നടക്കുന്നതായുള്ള വാർത്ത മാസങ്ങൾക്കുമുമ്പ് ദീപിക പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് പെരിങ്ങോം ഏരിയ കമ്മിറ്റിക്കു കീഴിലെ കമ്മിറ്റികളിൽ മാത്തിലിലും പരിസരങ്ങളിലും സഹകരണ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയായി മാറിയ സീഡ് സൊസൈറ്റിയുടെ പ്രവർത്തനം ചർച്ചയായി.
സിപിഎം പ്രവർത്തകരെ കൂട്ടുപിടിച്ചും അവരുടെ ഒത്താശയോടെയുമാണ് സീഡ് സൊസൈറ്റി പ്രവർത്തനം നടത്തുന്നതെന്നാണ് ആരോപണമുയർന്നത്. ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും പരാതികളെത്തി. പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു.
ഒരു ലോക്കൽ കമ്മിറ്റിയംഗത്തിന് പങ്കുണ്ടെന്നും ഇയാൾക്കെതിരേ നടപടി വേണമെന്നും അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചെയ്തിട്ടും ഈ റിപ്പോർട്ട് പൂഴ്ത്തിവച്ച് നടപടി താക്കീതിൽ ഒരുക്കി എൽസി അംഗത്തെ രക്ഷപ്പെടുത്താനാണു ശ്രമിച്ചതെന്നാണ് ആക്ഷേപമുയരുന്നത്.
പാർട്ടിയിൽ തുടരണമെങ്കിൽ സീഡ് സൊസൈറ്റിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടും ഈ നേതാവ് വഴങ്ങിയില്ല. അറുപതോളം പേരിൽനിന്നായി ലക്ഷങ്ങളാണ് തട്ടിപ്പുകാരുടെ പോക്കറ്റുകളിലേക്കു പോയത്. ഏതാനും ചിലർക്കു മാത്രം വാഗ്ദാനം ചെയ്ത സാധനങ്ങൾ കൊടുത്തതോടെയാണ് തട്ടിപ്പ് കൊഴുത്തത്.
ഏരിയ സമ്മേളനത്തിൽ തട്ടിപ്പ് സൊസൈറ്റി വിഷയം ചർച്ചയായപ്പോൾ ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചത് മറച്ചുവച്ച് ജില്ലാ നേതാവ് മൗനം പാലിച്ചതായും അറിയുന്നു. സീഡ് സൊസൈറ്റി തലവൻ കോടികളുടെ തട്ടിപ്പിന് അറസ്റ്റിലായതോടെ സീഡ് സൊസൈറ്റിയിൽ പണമടച്ചവർ അങ്കലാപ്പിലാണ്. അതോടൊപ്പം പാർട്ടി ഗ്രാമത്തിൽ അരങ്ങേറിയ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടും ഇതിനെതിരേ പ്രതികരിക്കാതെ വഞ്ചകർക്ക് കൂട്ടുനിന്ന സിപിഎം നിലപാടും ചർച്ചയായിട്ടുണ്ട്.