മുല്ലപ്പെരിയാറിൽ പരിശോധനയ്ക്ക് പുതിയ ബോട്ട്
Saturday, February 1, 2025 2:25 AM IST
തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനയ്ക്കായി ജലസേചന വകുപ്പിനു പുതിയ ബോട്ട്.
12.40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബോട്ട് വാങ്ങിയത്. ജലസേചന വകുപ്പ് ജീവനക്കാരുടെയും പ്രദേശ വാസികളുടെയും ആവശ്യം പരിഗണിച്ചാണ് പുതിയ ബോട്ട് വാങ്ങിയതെന്നു മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
10 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ കേരളത്തിന്റെ ഉദ്യോഗസ്ഥർക്ക് 30 മിനിറ്റിനുള്ളിൽ തേക്കടി ബോട്ട് ലാൻഡിംഗിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്തിച്ചേരുവാൻ കഴിയും.
അണക്കെട്ടിലെ ജലനിരപ്പ്, നീരൊഴുക്ക്, തമിഴ്നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ്, ഡാമിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്ന സാഹചര്യം, അടിയന്തര നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം എന്നിവ നിരീക്ഷിക്കുന്നതിനായി ജല വിഭവ വകുപ്പിലെ ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പോലീസിന്റെയും വനം വകുപ്പിന്റെയും ബോട്ടുകളെയാണ് ഉദ്യോഗസ്ഥർ ആശ്രയിച്ചിരുന്നത്.