കോടികളുടെ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ
Saturday, February 1, 2025 1:53 AM IST
മൂവാറ്റുപുഴ: വലിയ കന്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്നു പറഞ്ഞ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി.
തൊടുപുഴ കുടയത്തൂർ ചൂരകുളങ്ങര അനന്ദു കൃഷ്ണനെ(26)യാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത മൂന്നു തട്ടിപ്പുകേസിലെ പ്രതിയാണ് ഇയാൾ.
തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത്:
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡെവലപ്മെന്റ് സൊസൈറ്റി എന്നപേരിൽ പ്രതി മൂവാറ്റുപുഴ ബ്ലോക്കിനു കീഴിൽ ഒരു സൊസൈറ്റി രൂപീകരിച്ചു. സൊസൈറ്റി അംഗങ്ങളെക്കൊണ്ട് ഇയാൾ രൂപീകരിച്ച കണ്സൾട്ടൻസിയിലേക്ക് ഇരുചക്രവാഹനം നൽകാമെന്നു പറഞ്ഞ് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഒന്പത് കോടിയോളം രൂപ ഇത്തരത്തിൽ മൂവാറ്റുപുഴയിൽനിന്നു മാത്രം തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ബ്ലോക്കിനു കീഴിലും ഇത്തരം സൊസൈറ്റികൾ പ്രതി രൂപീകരിച്ചിട്ടുണ്ട്. 62 സീഡ് സൊസൈറ്റികൾ മുഖേന പണപ്പിരിവ് നടത്തി. മൂവാറ്റുപുഴ പ്രദേശത്തെ വിവിധ സന്നദ്ധസംഘടനകളെയും കാര്യങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ചു.
പ്രതിക്കെതിരേ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതികൾ ലഭിച്ചിരുന്നു. വിവിധ കന്പനികളുടെ സിഎസ്ആർ ഫണ്ട് ലഭിക്കുമെന്നു വാഗ്ദാനം നൽകിയാണ് പ്രതി വലിയ തട്ടിപ്പ് നടത്തിയത്. കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിൽ പല കന്പനികൾക്കും ഇക്കാര്യത്തെപ്പറ്റി അറിവില്ലായിരുന്നു.
2022 മുതൽ സ്കൂട്ടർ, ഹോം അപ്ലയൻസസ്, വാട്ടർ ടാങ്ക്സ്, ഫേർട്ടിലൈസേഴ്സ്, ലാപ്ടോപ്, തയ്യൽ മെഷീൻ എന്നിവ പകുതി വിലയ്ക്ക് നൽകുമെന്ന് സംസ്ഥാനത്തുടനീളം പ്രചരിപ്പിച്ച് സന്നദ്ധസംഘടനകളെയും മറ്റു സീഡ് സൊസൈറ്റികളെയും സ്വാധീനിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. സ്വന്തം പേരിൽ വിവിധ കണ്സൽട്ടൻസികൾ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകൾ നടത്തിയത്.