സുറിയാനി ദൈവശാസ്ത്ര സിമ്പോസിയം ഇന്ന് സമാപിക്കും
Saturday, February 1, 2025 2:25 AM IST
കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയും പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന അന്തർദേശീയ സുറിയാനി ദൈവശാസ്ത്ര സിമ്പോസിയം ഇന്നു സമാപിക്കും.
ഇന്നലെ ഡൽഹി, ജവഹർലാൽ നെഹ്റു സർവകലാശാലയിലെ മുൻ പ്രഫസറും കോതമംഗലം രൂപത വികാരിജനറാളുമായ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ക്രിസ്ത്യൻ സമൂഹങ്ങളിൽ ഒന്നായി മാർത്തോമ്മാ നസ്രാണികൾ കണക്കാക്കപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. അപ്പസ്തോലനായ മാർത്തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വമാണ് ഇതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ മഹാസമുദ്രത്തിലെ സജീവമായ വ്യാപാരമാർഗങ്ങൾ മാർത്തോമ്മാ നസ്രാണികളെ മിഡിൽ ഈസ്റ്റിലെ സുറിയാനി ക്രിസ്ത്യൻ ലോകത്തോട് ബന്ധിപ്പിച്ചു.
ഇവരുടെ മതപരമായ ആചാരങ്ങളും തത്വശാസ്ത്രവും ആഭിമുഖ്യങ്ങളുമെല്ലാം മാർത്തോമ്മാ നസ്രാണികളുടെ ആചാരാനുഷ്ഠാനങ്ങളെ സാരമായി സ്വാധീനിച്ചെങ്കിലും ഇന്ത്യൻ സംസ്കാരത്തിലും അതിന്റെ തനതായ പാരമ്പര്യങ്ങളിലും അവർ ഉറച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിമ്പോസിയത്തിൽ ഇന്നലെ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലും വിവിധ സഭകളിൽ നിന്നുള്ള ദൈവശാസ്ത്രജ്ഞരും വിദ്യാർഥികളും അൽമായരും പങ്കെടുത്തു. സുറിയാനി പൈതൃകത്തിന്റെ വൈവിധ്യവും സവിശേഷതകളും ചർച്ച ചെയ്യുന്ന നാല് അവതരണങ്ങൾകൂടി ഇന്നു നടക്കും.
തുടർന്നു നടക്കുന്ന സമാപന സമ്മേളനത്തിൽ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ സന്ദേശം നൽകും.