വായ്പാ ആപ്പ് വഴി 1650 കോടിയുടെ തട്ടിപ്പ് നടത്തിയതായി ഇഡി
Saturday, February 1, 2025 1:53 AM IST
കൊച്ചി: വായ്പാ ആപ്പുകള്‍ വഴി പണം തട്ടിയ കേസില്‍ തമിഴ്നാട്ടിലെ കാഞ്ചീപുരത്തുനിന്ന് പിടിയിലായ നാലംഗസംഘം 1650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ഇഡി കണ്ടെത്തി.
ചൈനീസ് ആപ്പുകള്‍ ഉപയോഗിച്ചാണു പണം തട്ടിയെടുത്തത്. ഈ പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ഇഡി അറിയിച്ചു. കാഞ്ചീപുരം സ്വദേശികളായ ഡാനിയേല്‍ ശെല്വകുമാര്, കതിരവന്‍ രവി,ആന്റോ പോള്‍, അലന് സാമുവല്‍ എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നാലു ദിവസം ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ആപ്പുവഴിയുള്ള വായ്പാതട്ടിപ്പില്‍ പോലീസും ക്രൈംബ്രാഞ്ചും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ തുടര്‍ച്ചയായാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.
ഇവര്‍ക്കു പിന്നില്‍ വന്‍ കണ്ണികളുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. 2023 മുതല്‍ വായ്പാ ആപ്പുകള്‍ വഴിയാണ് സംഘം പണം തട്ടിയെടുത്തത്. കേരളത്തിലും ഹരിയാനയിലും സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട്. മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചും തട്ടിപ്പ് നടത്തി.