കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
Saturday, February 1, 2025 3:09 AM IST
ചാലക്കുടി: അതിരപ്പിള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി.
അതിരപ്പിള്ളി വില്ലേജ് ഓഫീസർ കെ.എൽ. ജൂഡ് ആണു പിടിയിലായത്. ആർഒആർ സർട്ടിഫിക്കറ്റിനുവേണ്ടി അപേക്ഷിച്ചയാളോട് വില്ലേജ് ഓഫീസർ 3,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഇയാൾ വിജിലൻസിൽ പരാതി നൽകുകയും വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ട് വാങ്ങുന്നതിനിടയിൽ ജൂഡിനെ തൃശൂർ വിജിലൻസ് യൂണിറ്റ് പിടികൂടുകയുമായിരുന്നു.
കെ.എൽ. ജൂഡ് മുന്പും കൈക്കൂലിക്കേസിൽ പിടിയിലായിട്ടുണ്ടെന്ന് വിജിലൻസ് വ്യക്തമാക്കി. വില്ലേജ് ഓഫീസിൽ കൈക്കൂലി നൽകാതെ സേവനങ്ങൾ ലഭിക്കാത്ത സാഹചര്യമാണെന്നും വിജിലൻസ് ഡിവൈഎസ്പി സി.ജി. ജിംപോൾ പറഞ്ഞു.