സംഘടനാദൗർബല്യം പരിഹരിക്കാൻ കോണ്‍ഗ്രസ് വര്‍ഗീയതയെ കൂട്ടുപിടിക്കുന്നു: മുഖ്യമന്ത്രി
Saturday, February 1, 2025 1:53 AM IST
കോഴിക്കോട്: നാലുവോട്ടിനും അധികാരത്തിനുമായി കോൺഗ്രസും മുസ്ലിം ലീഗും ഭൂരിപക്ഷ– ന്യൂനപക്ഷ വർഗീയതയുമായി സഹകരിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഒരുഭാഗത്ത് ഭൂരിപക്ഷ വർഗീയതയേയും മറുഭാഗത്ത് ന്യൂനപക്ഷവർഗീയതയേയും ചേർത്തുപിടിക്കുന്ന യുഡിഎഫ് നിലപാട് നാടിന് ആപത്താണ്. സംഘടനാദൗർബല്യം പരിഹരിക്കാൻ വർഗീയതയുടെ സംഘടനാശേഷി ഉപയോഗിക്കുകയാണവർ. ഇത് മതനിരപേക്ഷതക്കും ജനതാത്പര്യത്തിനും ആപത്താണ്.
ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ബിജെപിയെയും ഒപ്പം കൂട്ടുന്ന മെയ്യഭ്യാസമാണ്് യുഡിഎഫ് കാട്ടുന്നന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വടകരയില്‍ സിപിഎം ജില്ലാ സമ്മേളനസമാപനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മുസ്ലിം ജനസമൂഹത്തിലെ സുന്നികളടക്കം മഹാഭൂരിപക്ഷം ജമാഅത്തെ ഇസ്ലാമിയെ എതിർക്കുകയാണ്. എന്നാൽ, ലീഗിന് അവരെ തുറന്നെതിർക്കാനാകുന്നില്ല. ലീഗിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്ന നിലയിലേക്ക് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാറി. അവർക്കാണിന്ന് ലീഗിന്റെ കൈകാര്യകർത്തൃത്വം.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. ബിജെപിഭരണത്തിൽ രാജ്യമാകെ ന്യൂനപക്ഷ വേട്ട നടക്കുന്നു. ഈ ഘട്ടത്തിൽ വർഗീയതയ്ക്ക് വളംവയ്ക്കുന്ന സമീപനം പൊതുവായി ന്യൂനപക്ഷത്തിന് വലിയ ആപത്താണ്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.