വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
Sunday, February 2, 2025 2:40 AM IST
കൊച്ചി: ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തുന്നതിനും സാധാരണക്കാര്‍ക്ക് സാമ്പത്തികനേട്ടം നല്‍കുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. ആദായനികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിനും വഴിയൊരുക്കും.
ചെറുകിട ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്കും കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതാണു ബജറ്റ്. പ്രാദേശിക ഉത്പാദനം വര്‍ധിക്കുന്നതിനും പുതിയ പ്രഖ്യാപനങ്ങള്‍ വഴിയൊരുക്കും. വനിതാസംരംഭകര്‍ക്കും കര്‍ഷകര്‍ക്കും മികച്ച പിന്തുണ നല്കുന്നതുകൂടിയാണ് കേന്ദ്രബജറ്റ്.
കയറ്റുമതി പ്രോത്സാഹന മിഷന് പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയില്‍ പുതിയ ഊര്‍ജം നല്‍കും.
രാജ്യത്തു നിക്ഷേപവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രോണിക്സ് നിര്‍മാണ മേഖലയില്‍ പിന്തുണ നല്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ലളിതമായ നികുതിവ്യവസ്ഥകള്‍ നടപ്പാക്കുന്നത് സ്വാഗതാര്‍ഹമാണ്. 2030 ആകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തി ആകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് വേഗത പകരുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്നും എം.എ. യൂസഫലി വ്യക്തമാക്കി.
സന്പദ് വ്യവസ്ഥയ്ക്ക് ഊർജം
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സ്ഥിരതയുള്ളതാണെന്നും ദീര്‍ഘകാല പുരോഗതിയിലേക്ക് നീങ്ങുന്നുണ്ടെന്നും ഉറപ്പുനല്‍കുന്നതാണ് കേന്ദ്രബജറ്റ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നികുതിക്കുശേഷമുള്ള വ്യക്തിഗത വരുമാനം വര്‍ധിപ്പിക്കുന്നതിനും ഉപഭോഗം പുനരുജ്ജീവിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പരിഷ്കാരങ്ങളുണ്ട്.
2026 സാമ്പത്തികവര്‍ഷം 4.4 ശതമാനം ധനക്കമ്മി ലക്ഷ്യം വയ്ക്കുന്നതിനൊപ്പം ഉപഭോഗം വര്‍ധിപ്പിക്കുകയും ചെയ്യും. ഉത്പാദന മേഖലകളില്‍ 2026 സാമ്പത്തികവര്‍ഷത്തില്‍ 11.21 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം സര്‍ക്കാര്‍ അനുവദിക്കുന്നത് മൂലധന രൂപീകരണം ത്വരിതപ്പെടുത്തും.
വിനോദ് ഫ്രാന്‍സിസ് (ജിഎം-ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്)
ചെറുകിട- ഇടത്തരം മേഖലകൾക്ക് പിന്തുണ
കൃഷി, പാദരക്ഷ, തുകൽ, കളിപ്പാട്ടം, ഭക്ഷ്യസംസ്കരണം തുടങ്ങിയ തൊഴിലാളികൾക്കു പ്രാധാന്യമുള്ള ചെറുകിട- ഇടത്തരം മേഖലകൾക്ക് വലിയ പിന്തുണയാണ് ബജറ്റ് നൽകിയിരിക്കുന്നത്. ചെറുകിട- ഇടത്തരം മേഖലകളിൽ ബാങ്ക് നൽകിപ്പോരുന്ന പ്രാധാന്യത്തിന് പൂരകമാകുക വഴി ഇടപാടുകാരുമായുള്ള ബന്ധം ദൃഢമാക്കാൻ ബജറ്റ് സഹായിക്കും. വരുമാനനികുതി നിരക്കിൽ വരുത്തിയ കുറവ് ഉപഭോഗത്തിന്റെ വളർച്ചയ്ക്ക് സഹായമാകും. ഉപഭോഗത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള സമതുലിത ബജറ്റാണിത്.
വെങ്കിട്ടരാമന് വെങ്കിടേശ്വരന് (പ്രസിഡന്റ് ആന്‍ഡ് സിഎഫ്ഒ, ഫെഡറല്‍ ബാങ്ക് )
ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന് ഉത്തേജനം
ഗ്രാമീണ്‍ ക്രെഡിറ്റ് സ്കോര്‍, കെസിസി വായ്പാപരിധി മൂന്നു ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷമായി ഉയര്‍ത്തിയത്, മൈക്രോ എന്റര്‍പ്രൈസസിനുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ സാമ്പത്തിക ഉൾപ്പെടുത്തലിന് ഊന്നൽ നൽകുന്ന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.
അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള ‘ഭാരത് ട്രേഡ്നെറ്റ്’ പ്രഖ്യാപനത്തോടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന് ഉത്തേജനം ലഭിക്കും. ഇതു വ്യാപാര ഡോക്യുമെന്റേഷനും ധനസഹായ പരിഹാരങ്ങള്‍ക്കുമുള്ള ഏകീകൃത പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കും, കൂടാതെ കേന്ദ്ര കെവൈസി രജിസ്ട്രിയായും പ്രവര്‍ത്തിക്കും.
കെ. പോള്‍ തോമസ് (എംഡി ആൻഡ് സിഇഒ, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്)
മൈക്രോ ഫിനാന്‍സിനു നേട്ടം
ഗ്രാമീണ്‍ ക്രെഡിറ്റ് സ്കോര്‍ സംവിധാനത്തിനുള്ള നിര്‍ദേശമാണു മൈക്രോ ഫിനാന്‍സ് മേഖലയുടെ കാഴ്ചപ്പാടില്‍ ബജറ്റിലെ ഏറ്റവും മികച്ച പ്രഖ്യാപനം. സ്വാശ്രയ സംഘാംഗങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ക്കനുസരിച്ച് സേവനം നല്കാന് ഇതു സഹായകമാകും.
മെച്ചപ്പെട്ട വായ്പാ അച്ചടക്കം പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല, ബോധപൂര്‍വം കുടിശിക വരുത്തുന്നവരെ ഒഴിവാക്കാനും ഈ സ്കോറിംഗ് രീതി സഹായകമാകും. മൈക്രോ ഫിനാന്‍സ് വ്യവസായത്തിന്റെ ദീര്‍ഘകാല ആരോഗ്യത്തിന് വളരെ ഗുണകരമായ പദ്ധതിയാണിത്.
സദാഫ് സയീദ് (സിഇഒ, മുത്തൂറ്റ് മൈക്രോഫിന്‍)
വികസനോന്മുഖമെന്ന് സിഐഐ
കേന്ദ്രബജറ്റ് പ്രതീക്ഷ നൽകുന്നതും രാജ്യത്തിന്റെ വികസനം ലക്ഷ്യം വച്ചതാണെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ). കൃഷി, എംഎസ്എംഇ, സ്റ്റാർട്ടപ്പുകൾ, നവീകരണം, നിക്ഷേപം തുടങ്ങിയ മേഖലകൾക്കു ബജറ്റിൽ നൽകിയ പ്രാധാന്യം ഗുണപരമാണ്. വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നയിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണു ബജറ്റെന്ന് സിഐഐ ചെയർമാൻ മഞ്ഞിലാസ് വിനോദ് മഞ്ഞില പറഞ്ഞു.
കൃഷി, മധ്യവർഗം, കയറ്റുമതി, സ്റ്റാർട്ടപ്പുകൾ, ബിസിനസ് ചെയ്യുന്നതിനുള്ള എളുപ്പം എന്നിവയുൾപ്പെടെ സമ്പദ് വ്യവസ്ഥയുടെ വൈവിധ്യമാർന്ന മേഖലകളെ ഉൾക്കൊണ്ടുകൊണ്ടുള്ള വളരെ പോസിറ്റീവ് ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് ഫിക്കി
ശക്തമായ നീക്കങ്ങളിലൂടെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്ന വളർച്ചാ കേന്ദ്രീകൃത ബജറ്റാണ് ഇക്കുറി കേന്ദ്രമന്ത്രി അവതരിപ്പിച്ചതെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി.പി. നന്ദകുമാർ.
നഗരവികസനം, വൈദ്യുതി മേഖല, ടാക്സേഷൻ, സാമ്പത്തികമേഖല എന്നിവയിലെ പരിഷ്കരണ അജണ്ടയും കൃഷി, എംഎസ്എംഇ, നിക്ഷേപം, കയറ്റുമതി തുടങ്ങിയ മേഖലകളിലെ വളർച്ചയും ബജറ്റ് ലക്ഷ്യമിടുന്നു.
എയിംസ് അനുവദിക്കാത്തത് പ്രതിഷേധാർഹം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യമായ എംയിസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്.
എയിംസിനായി കേന്ദ്രം പറഞ്ഞ നിബന്ധനകൾക്കനുസരിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമിയുൾപ്പെടെ ഏറ്റെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.
കേന്ദ്ര മന്ത്രിമാരെ കണ്ട് നിരവധി തവണ ഇക്കാര്യത്തിൽ അഭ്യർഥനയും നടത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇടത്തരക്കാർക്കും സാധാരണക്കാർക്കുമുള്ള ബജറ്റ്: വി. മുരളീധരൻ
ആലുവ: ഇടത്തരക്കാർക്കും സാധാരണക്കാർക്കുമുള്ള ബജറ്റെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. പലിശരഹിത വായ്പാഫണ്ടിലേക്ക് ടൂറിസം വകുപ്പിനെ കൂടി ഉൾപ്പെടുത്തുന്നത് കേരളത്തിനു ഗുണം ചെയ്യുമെന്നും ജനങ്ങൾക്ക് അധികനികുതി അടിച്ചേൽപ്പിക്കാത്തതിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ശക്തിയാണ് വെളിവാക്കപ്പെടുന്നതെന്നും മുരളീധരൻ പറഞ്ഞു.
ബജറ്റ് ഭീകരതയെന്ന് ആർഎസ്പി
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ചില സംസ്ഥാനങ്ങൾക്കു വാരിക്കോരി കൊടുക്കുകയും കേരളം പോലുള്ള സംസ്ഥാനങ്ങളെ പൂർണമായി അവഗണിക്കുകയും ചെയ്യുന്നത് ബജറ്റ് ഭീകരതയാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. കേരളത്തിൽ നിന്ന് ജയിച്ച ആൾ കേന്ദ്ര മന്ത്രിയായിട്ടും തെരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച എയിംസ് പോലും കേരളത്തിനു ലഭിച്ചില്ലന്ന് ഷിബു ബേബിജോണ്‍ അഭിപ്രായപ്പെട്ടു.
എഫ്ഡിഐ ഉയർത്തുന്നതിൽ പ്രതീക്ഷ
കേന്ദ്രബജറ്റിൽ ഇൻഷ്വറൻസ് മേഖലയിലെ എഫ്ഡിഐ 74 ശതമാനത്തിൽനിന്ന് 100 ശതമാനമായി ഉയർത്താനുള്ള തീരുമാനം പ്രശംസനീയമാണ്. ഇതു വിദേശ മൂലധനത്തെ കൂടുതൽ ആകർഷിക്കുകയും ഈ മേഖലയിലെ നവീകരണത്തിന് കൂടുതൽ കരുത്ത് പകരുകയും ചെയ്യും.
ആർബിഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിനു കീഴിലുള്ള പണമയയ്ക്കാനുള്ള ടിസിഎസ് ഇളവ് പരിധി ഏഴു ലക്ഷത്തിൽനിന്ന് 10 ലക്ഷമായി ഉയർത്താനുള്ള തീരുമാനം വിദേശത്തേക്കു പണം അയയ്ക്കുന്നവർക്ക് കൂടുതൽ ആശ്വാസകരമാകും.
ഹ്രസ്വകാല ഉപഭോഗം വർധിപ്പിക്കുന്നതിനാണ് ബജറ്റ് ഊന്നൽ നൽകുന്നത്. മധ്യവർഗ ചെലവ് വർധിപ്പിക്കുന്നതിനുള്ള നേരിട്ടുള്ള നീക്കമെന്ന നിലയിൽ 12 ലക്ഷം വരെയുള്ള വരുമാനത്തിന് ആദായനികുതി എടുത്തുകളയാനുള്ള തീരുമാനം പ്രതീക്ഷ നൽകുന്നതാണ്. റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിലെ കൂടുതൽ വളർച്ചയ്ക്ക് ബജറ്റ് നിർദേശങ്ങൾ ഗുണകരമാകും.
അദീബ് അഹമ്മദ് (എംഡി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് )
ആരോഗ്യമേഖലയ്ക്ക് ഉണർവ്
രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതൽ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങൾ എത്തിക്കാൻ അനുവദിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ജനവിഭാഗങ്ങൾക്കും എളുപ്പത്തിലും താങ്ങാനാകുന്ന നിലയിലും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് തെളിയിക്കുന്നു.
ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി 75,000 മെഡിക്കൽ സീറ്റുകൾ അധികം അനുവദിച്ച തീരുമാനം സ്വാഗതാർഹമാണ്. ആവശ്യത്തിന് ആശുപത്രി സൗകര്യങ്ങളില്ലാത്ത മേഖലകൾക്ക് തീരുമാനം ഗുണംചെയ്യും. ജില്ലാ ആശുപത്രികളിൽ കാൻസർ രോഗികളുടെ പരിചരണത്തിനായി 200 ഡേ കെയർ കേന്ദ്രങ്ങൾ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തിലും ഏറെ പ്രതീക്ഷയുണ്ട്.
കാൻസർ മരുന്നുകൾക്കും 36 ജീവൻരക്ഷാ മരുന്നുകൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കിയത് പാവപ്പെട്ട രോഗികൾക്ക് വലിയ സഹായമാകും. മറ്റ് ആറു പ്രധാന മരുന്നുകൾക്കും നികുതിയിളവ് നൽകിയിട്ടുണ്ട്. ഇ-ശ്രം ഹെൽത്ത് കെയർ ഇൻഷ്വറൻസും വൈദ്യശാസ്ത്ര ഗവേഷണത്തിനും ജനിതക പഠനങ്ങൾക്കും വേണ്ടി കൂടുതൽ തുക നീക്കിവച്ചതും പൊതുജനാരോഗ്യരംഗത്ത് കേന്ദ്രസർക്കാരിന്റെ ദീർഘദർശനമാണ്.
ഡോ. ആസാദ് മൂപ്പൻ (സ്ഥാപക ചെയർമാൻ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ)
ഉപഭോഗം വര്‍ധിക്കും
ഉപഭോഗം വര്‍ധിപ്പിക്കുന്നതിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജം പകരുന്നതിലുമാണ് കേന്ദ്രബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കാര്‍ഷികമേഖല, മത്സ്യബന്ധനം, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങള്‍, കുറഞ്ഞ ചെലവിലുള്ള വീടുകള്‍, തുണിത്തരങ്ങള്‍, തുകലും അനുബന്ധ വ്യവസായങ്ങളും എന്നിവ അടങ്ങിയ അടിസ്ഥാനമേഖലയ്ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.
സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പാ ഗാരന്റി വര്‍ധിപ്പിക്കുകയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വായ്പാപരിധി കൂട്ടുകയും ചെയ്തത് സുപ്രധാന ചുവടുവയ്പാണ്.
ഉമേഷ് മോഹനന് (ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് സിഇഒ)
ഭാവിയെ മുൻനിർത്തിയുള്ള ബജറ്റ്
ഭാവിയെ മുൻനിർത്തി തയാറാക്കിയതാണു കേന്ദ്രബജറ്റ്. അരലക്ഷം അടൽ തിങ്കറിംഗ് ലാബുകൾ രൂപീകരിക്കാനും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ അടുത്ത അഞ്ചു വർഷംകൊണ്ട് യുജി സീറ്റുകളുടെ എണ്ണം വർധിപ്പിക്കാനുമുള്ള തീരുമാനം സ്വാഗതാർഹമാണ്.
നിർമിതബുദ്ധിയിലെ സാധ്യതകൾ കണ്ടെത്താനായി മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഉചിതമായി.
ഡോ. വെങ്കട്ട് രംഗൻ (വൈസ് ചാൻസലർ, അമൃത വിശ്വ വിദ്യാപീഠം)