വിദേശത്ത് വിവാഹിതരായവര്‍ക്ക് ഇന്ത്യയില്‍ രജിസ്ട്രേഷന് സാധ്യമല്ല: കോടതി
Saturday, February 1, 2025 3:09 AM IST
കൊച്ചി: വിദേശത്തു വിവാഹിതരായവര്‍ക്ക് ഇന്ത്യയില്‍ വിവാഹ രജിസ്ട്രേഷന് സാധ്യമല്ലെന്നു ഹൈക്കോടതി. ഇത്തരം വിവാഹങ്ങള്‍ ഫോറിന് മാര്യേജ് ആക്ടിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
അതേസമയം, വിദേശത്തു വിവാഹിതരായശേഷം ഇന്ത്യയിലേക്കു മടങ്ങിയ ദമ്പതികള്‍ക്ക് വിദേശത്തേക്കു പോകാതെതന്നെ ഓണ്‍ലൈന്‍ വഴി ഫോറിന് മാര്യേജ് ആക്ടിലൂടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ജസ്റ്റീസ് സി.എസ്. ഡയസ് അനുമതി നല്കി. തൃശൂര്‍ സ്വദേശി പി.ജി. വിപിനും ഇന്തോനേഷ്യന്‍ യുവതിയായ ഭാര്യ മാഡിയ സുഹര്‍കയും നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
2014ല്‍ ഇന്തോനേഷ്യയില്‍ വിവാഹിതരായ ഇരുവരും നിലവില്‍ തൃശൂരിലാണു താമസം. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നല്കിയ അപേക്ഷ നിരസിച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യയില്‍ വിവാഹം നടത്താത്തതിനാല്‍ സ്പെഷല്‍ മാര്യേജ് ആക്ട് ബാധകമല്ലെന്നും വിദേശത്തു നടന്ന വിവാഹമായതിനാല്‍ ഫോറിന് മാര്യേജ് ആക്ടാണു ബാധകമാകുകയെന്നും കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ഇന്തോനേഷ്യയിലെ ഇന്ത്യന്‍ എംബസി അറ്റസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഫോറിന് മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഓണ്‍ലൈനില്‍ ഇതിന് കോടതി അവസരം നല്‍കിയത്.