അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പിടികൂടി
Saturday, February 1, 2025 1:53 AM IST
പറവൂർ: വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് അനധികൃതമായി താമസിച്ചിരുന്ന 27 ബംഗ്ലാദേശ് സ്വദേശികളെ മന്നത്തുനിന്നു പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരെല്ലാം പുരുഷന്മാരാണ്.
മന്നം കുഴിയിലകത്ത് ഹർഷാദ് ഹുസൈൻ വാടകയ്ക്കെടുത്ത വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കോൺഗ്രസ് ചിറ്റാറ്റുകര മണ്ഡലം വൈസ് പ്രസിഡന്റാണ് ഹർഷാദ്. ഇയാൾ തന്നെ വാടകയ്ക്കെടുത്തു നൽകിയ മറ്റൊരു വീട്ടിൽനിന്ന് പിടികൂടിയ 27 പേർ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അവരെ പരിശോധനയ്ക്കുശേഷം വിട്ടയച്ചു. ഹർഷാദും വീടിന്റെ ഉടമയും അന്വേഷണത്തിന്റെ പരിധിയിലുണ്ടെന്നു പോലീസ് പറഞ്ഞു.
കൂലിപ്പണിയും കെട്ടിടനിർമാണവും ഉൾപ്പെടെ വിവിധതരം ജോലികളാണ് ഇവർ ഇവിടെ ചെയ്തിരുന്നത്. ഇതിൽ അഞ്ചു പേർ ബംഗ്ലാദേശ് പാസ്പോർട്ട് കൈവശമുള്ളവരാണ്. മറ്റുവള്ളവർക്ക് അവിടത്തെ തിരിച്ചറിയൽ രേഖയുണ്ട്. ഇന്ത്യയിലെ ആധാർ കാർഡും മറ്റും വ്യാജമായി തയാറാക്കിയാണ് ഇവർ വന്നത്. ഇന്ത്യൻ രേഖകളെല്ലാം ബംഗ്ലാദേശിൽ വച്ച് ഏജന്റ് ശരിയാക്കി നൽകിയെന്നാണ് പിടിയിലായവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ഇവർ രേഖകൾ വ്യാജമായി സമ്പാദിച്ചതിനെക്കുറിച്ചും സഹായം ചെയ്തു നൽകിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഒരു വർഷത്തോളമായി പറവൂരിൽ താമസിക്കുന്നവർ കൂട്ടത്തിലുണ്ട്. ബംഗ്ലാദേശിൽ നിന്നു വരുന്നതിനിടെ ഇന്ത്യയിൽ പലയിടത്തും തങ്ങിയശേഷമാണ് പറവൂരിൽ എത്തിയത്. ഇവരിൽ ഭൂരിഭാഗം പേരും ബംഗ്ലാദേശിലെ കുൽന ജില്ലക്കാരാണ്. ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിലൂടെ ഒഴുകുന്ന പുഴ കടന്നാണ് ഇന്ത്യയിലേക്ക് എത്തിയത്. ആഴം കുറഞ്ഞ ഭാഗം തെരഞ്ഞെടുത്താണു നദി കടന്ന് കോൽക്കത്തയിൽ എത്തിയത്.
പിന്നീട് ട്രെയിനിൽ ആലുവയിൽ വന്നിറങ്ങി. ആധാർ കാർഡിന്റെ ഫോർമാറ്റ് ഇന്റർനെറ്റിൽ നിന്നെടുത്ത് ഫോട്ടോ മാത്രം മാറ്റി ഇവരുടെ ഫോട്ടോവച്ചാണ് വ്യാജരേഖ തയാറാക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിന് 200 രൂപയാണ് നൽകുന്നതെന്നും പോലീസിനോട് പിടിയിലായവർ പറഞ്ഞിട്ടുണ്ട്.
ഈ മാസം മാത്രം എറണാകുളം ജില്ലയിൽ നിന്നു പിടിക്കപ്പെട്ടത് 34 ബംഗ്ലാദേശ് സ്വദേശികളാണ്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു.