കിണറ്റില്‍ പുലി ചത്തനിലയില്‍
Sunday, February 2, 2025 1:26 AM IST
കാസര്‍ഗോഡ്: പുലിയെ കിണറ്റില്‍ ചത്തനിലയില്‍ കണ്ടെത്തി. ദേലംപാടി അഡൂര്‍ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുകിണറ്റിലാണു പുലിയെ കണ്ടെത്തിയത്. മോഹനയും കുടുംബാംഗങ്ങളും ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നില്ല.
ഇന്നലെ രാവിലെ പ്രദേശത്തു രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചിറങ്ങിയതോടെയാണു പുലി ചത്ത നിലയില്‍ കാണപ്പെട്ടത്. കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സി.വി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചു.
ആറുവയസ് പ്രായമുള്ള ആണ്‍പുലിയാണു ചത്തത്. ജഡത്തിന് അഞ്ചു ദിവസം പഴക്കമുണ്ട്. വാരിയെല്ല് ഒടിഞ്ഞതാണ് മരണകാരണമെന്നാണു സൂചന. ഇരയെ പിടിക്കാനായി ചാടുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം.
ഇവിടെനിന്നും കര്‍ണാടക സുള്ള്യ വനമേഖലയിലേക്ക് 100 മീറ്ററില്‍ താഴെ ദൂരം മാത്രമേയുള്ളൂ. കഴിഞ്ഞവര്‍ഷം മുതല്‍ കര്‍ണാടക വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന മുളിയാര്‍, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളില്‍ പുലിഭീതി രൂക്ഷമാണ്.
നാലു പുലികള്‍ ഈ മേഖലയിലുണ്ടെന്നു ഫോറസ്റ്റ് അധികൃതര്‍തന്നെ സമ്മതിച്ചിരുന്നു. നിരവധി പേരുടെ പശുക്കളും വളര്‍ത്തുനായ്ക്കളും പുലിയുടെ ആക്രമണത്തില്‍ ചത്തിരുന്നു. വനംവകുപ്പ് പലയിടത്തും കൂടുകള്‍ സ്ഥാപിച്ചിട്ടും ഒരെണ്ണത്തെ പോലും പിടികൂടാൻ സാധിച്ചിരുന്നില്ല.