മുതിർന്ന പൗരൻമാർക്ക് കാഷ്മീരിലേക്ക് വേനൽക്കാല പ്രത്യേക ട്രെയിൻ
Sunday, February 2, 2025 1:26 AM IST
തിരുവനന്തപുരം: മുതിർന്ന പൗരൻമാർക്ക് കാഷ്മീർ, ആഗ്ര, ഡൽഹി, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള 15 ദിവസം നീളുന്ന വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസ് നടത്തും.
ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സൗത്ത് സ്റ്റാർ റെയിൽ ഇന്ത്യയുടെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ യാത്ര ഏപ്രിൽ രണ്ടിന് തിരുവനന്തപുരത്തുനിന്നു തുടങ്ങുമെന്നു ഡയറക്ടർ വിഘ്നേഷ് അറിയിച്ചു.
600 പേർക്കു സഞ്ചരിക്കാനാകും. തേർഡ് എസിയിൽ ഒരാൾക്ക് 49,900 രൂപയും സെക്കൻഡ് എസിയിൽ 60,100, ഫസ്റ്റ് എസിയിൽ 65,500 രൂപയുമാണ് നിരക്ക്. താമസം, ഭക്ഷണം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം എന്നിവ ഉൾപ്പെടെയാണ് സന്ദർശനം. യാത്രയ്ക്ക് റെയിൽവേ മന്ത്രാലയം 33 ശതമാനം സബ്സിഡി നൽകും. മുതിർന്ന പൗരൻമാർക്കു മാത്രമായുള്ള പ്രത്യേക പര്യടനമാണിത്.
ട്രെയിനിൽ സിസിടിവി കാമറ, പ്രത്യേക ടൂർ മാനേജർമാർ, സുരക്ഷാ ജീവനക്കാർ, ഹൗസ് കീപ്പിംഗ് വിഭാഗം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 7305858585.