ന്യൂനപക്ഷ സ്കോളർഷിപ്പ്; സർക്കാർ നടപടി പ്രതിഷേധാർഹം: കെസിബിസി
Saturday, February 1, 2025 2:25 AM IST
കൊച്ചി: പിജിവരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കു നൽകിയിരുന്ന പ്രഫ. ജോസഫ് മുണ്ടശേരി സ്കോളർഷിപ്പ് ഉൾപ്പെടെ ഒമ്പത് ഇനത്തിൽപ്പെട്ട ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് വകയിരുത്തിയ തുക 50 ശതമാനമായി സർക്കാർ വെട്ടിക്കുറച്ചത് പ്രതിഷേധാർഹമാണെന്ന് കെസിബിസി വിദ്യാഭ്യാസ, ജാഗ്രതാ കമ്മീഷനുകൾ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
നഴ്സിംഗ് വിദ്യാർഥികൾക്ക് 15,000 രൂപ വീതം നൽകുന്ന മദർ തെരേസ സ്കോളർഷിപ്പ്, സിവിൽ സർവീസസ് ഫീസ് റീ ഇംബേഴ്സ്മെന്റ്, വിദേശത്തു പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള സ്കോളർഷിപ്പ്, ഐഐടി, ഐഐഎം സ്കോളർഷിപ്പ് തുടങ്ങിയവയിലും തുക വെട്ടിക്കുറച്ചു.
അർഹരായ ആയിരക്കണക്കിനു വിദ്യാർഥികൾക്ക് പഠനസഹായമായി ലഭിക്കേണ്ട ഏഴുകോടിയോളം രൂപയാണ് നഷ്ടമാകുന്നത്. ഇതിനകം അപേക്ഷ അംഗീകരിക്കപ്പെട്ടിരിക്കുന്ന നിരവധി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നിഷേധിക്കപ്പെടാനും ഈ അപ്രതീക്ഷിത തീരുമാനം വഴിയൊരുക്കും.
സാമുദായിക പിന്നാക്കാവസ്ഥ നേരിടുന്നവരും പഠനത്തിൽ മുന്നിട്ടുനിൽക്കുന്നവരുമായ വിദ്യാർഥികൾക്കു സഹായകമായ പ്രസ്തുത സ്കോളർഷിപ്പുകൾ തടസങ്ങൾ കൂടാതെ ലഭ്യമാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കൽ, ജാഗ്രതാകമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ എന്നിവർ ആവശ്യപ്പെട്ടു.