പരസ്യ വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ചു യുവാവ് മരിച്ച സംഭവം: കുറ്റപത്രം വൈകുന്നു
Sunday, February 2, 2025 1:26 AM IST
കോഴിക്കോട്: പരസ്യ വീഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു.
വാഹനത്തിന്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ. നൗഫല്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ ചോദ്യം ചെയ്തതിന് ശേഷമേ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ എന്നതാണ് കാലതാമസത്തിന് ഇടയാക്കുന്നത്. ഇയാളെ പ്രതിചേര്‍ത്ത് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
വാഹന ഉടമയെ കണ്ടെത്താന്‍ എടുത്ത കാലതാമസമാണ് കുറ്റപത്രം വൈകുന്നതിന് ഇടയാക്കിയിരിക്കുന്നത്. രജിസ്ട്രേഷനും ഇന്ഷ്വറന്സുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിന്റെ സുഹൃത്താണ് നൗഫല്‍.
കഴിഞ്ഞ ഡിസംബറിലാണ് വിഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആല്വിന് മരിച്ചത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളയില്‍ പോലീസ് യഥാര്‍ഥ ഉടമയെ കണ്ടെത്തിയത്.
ഇതിനായി ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെത്തി മൂന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചു. ഹൈദരാബാദ് സ്വദേശി അശ്വിന് ജെയിന്റെ ഉടമസ്ഥതയിലാണ് കാര്‍ എന്നാണ് ആദ്യം വിവരം ലഭിച്ചത്.
ആഡംബര കാറുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനിയുടേതായിരുന്നു കാര്‍. എന്നാല്‍ ഈ കാര്‍ ഡല്‍ഹിയിലെ കമ്പനിക്ക് വിറ്റു. ഡല്‍ഹിയിലെ കമ്പനിയില്‍ നിന്നാണ് നൗഫല്‍ കാര്‍ വാങ്ങിയത്. മരണം നടക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ആല്വിന് ഗള്‍ഫില്‍നിന്നു നാട്ടില്‍ എത്തിയത്.
ബെന്‍സ് കാറും ഡിഫന്‍ഡറും ഉപയോഗിച്ചുള്ള ഷൂട്ടിംഗിനിടെയായിരുന്നു അപകടം. ഇരു വാഹനങ്ങളും സമാന്തരമായി വരികയായിരുന്നു. ബെന്‍സ് വാഹനം റോഡിന്റെ വലതുവശം ചേര്‍ന്നും ഡിഫന്‍ഡര്‍ വാഹനം റോഡിന്റെ ഇടതുവശം ചേര്‍ന്നുമാണ് വന്നത്. വീഡിയോ എടുക്കുന്ന ആല്വിന് റോഡിന്റെ നടുവില്‍ ആയിരുന്നു. ബെന്‍സ് ഡിഫന്‍ഡറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിക്കുകയായിരുന്നു.
അപകടത്തിനെ പറ്റി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ കേരള രജിസ്ട്രേഷനിലുള്ള ഡിഫന്‍ഡര്‍ വാഹനത്തിന്റെ നമ്പറാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ വാഹനത്തിനൊപ്പമുണ്ടായിരുന്ന ബെന്‍സ് കാറാണ് അപകടമുണ്ടാക്കിയതെന്ന സംശയത്തിലേക്ക് പോലീസ് എത്തുകയായിരുന്നു.
തെലങ്കാന രജിസ്ട്രേഷനിലുള്ളതാണ് കാര്‍. തുടര്‍ന്ന് കോഴിക്കോട് ആര്‍ടിഒ ഇരുവാഹനങ്ങളിലും നടത്തിയ പരിശോധനയില്‍ തെലങ്കാന രജിസ്ട്രേഷനിലുള്ള ബെന്‍സ് കാറിന്റെ മുന്‍വശത്തെ ക്രാഷ് ഗാര്‍ഡിലും ബോണറ്റിലും അപകടം ഉണ്ടായതിന്റെ തെളിവുകള്‍ കണ്ടെത്തിയിരുന്നു. തെലുങ്കാന കാറിന് ഇന്‍ഷ്വറന്‍സും റോഡ് നികുതിയും ഇല്ലാത്തതിനാലാവാം ആസൂത്രിത നീക്കം നടന്നതെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.