പട്ടികജാതിക്കാർക്കുള്ള ‘വാത്സല്യ നിധി’ പദ്ധതിക്ക് പണം നൽകേണ്ടെന്ന് ഉത്തരവ്
Saturday, February 1, 2025 3:09 AM IST
തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പുകൾ വെട്ടിയതിനു പിന്നാലെ പട്ടികജാതി വകുപ്പിന്റെ പദ്ധതികളും 60 ശതമാനം വരെ വെട്ടിക്കുറച്ച് സർക്കാർ.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സഹായ പദ്ധതി, ലൈഫ് മിഷൻ വഴി വീടും ഭൂമിയും നൽകുന്ന പദ്ധതി തുടങ്ങിയവ അടക്കമുള്ളവയ്ക്കായി വകയിരുത്തിയ തുകയിലെ 50 ശതമാനമാണു വെട്ടിക്കുറച്ചത്. പട്ടികജാതി പെണ്‍കുട്ടികൾക്കായുള്ള ‘വാത്സല്യ നിധി’ പദ്ധതിയിൽ 100 ശതമാനവും വെട്ടിക്കുറച്ചു.
ഭവനരഹിത പട്ടികജാതി വിഭാഗക്കാർക്ക് ലൈഫ് മിഷൻ വഴി നടപ്പാക്കുന്ന പദ്ധതിക്ക് 300 കോടി രൂപയാണ് ഈ സാന്പത്തിക വർഷം ബജറ്റിൽ വകയിരുത്തിയത്. ഇത് 120 കോടിയാക്കിയാണു വെട്ടിക്കുറച്ചത്. 60 ശതമാനം വെട്ടിക്കുറവാണു പട്ടികജാതി വിഭാഗങ്ങളുടെ ഭവനപദ്ധതിയിൽ മാത്രം വരുത്തിയത്.
പട്ടികജാതി കുടുംബങ്ങളുടെ ഭാഗികമായി നിർമിച്ച വീടുകളുടെ പൂർത്തീകരണത്തിനും ജീർണിച്ച വീടുകളുടെ മെച്ചപ്പെടുത്തലിനും പഠനമുറി നിർമാണത്തിനും ധനസഹായം നൽകുന്നതിന് 222.06 കോടിയാണു വകയിരുത്തിയിരുന്നത്. ഇത് 173.06 കോടിയായി വെട്ടിക്കുറച്ചു. ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്കു ഭവനനിർമാണത്തിനു ഭൂമി വാങ്ങാൻ സഹായം നൽകുന്ന പദ്ധതിക്ക് 170 കോടിയായിരുന്നു ബജറ്റ് വിഹിതം. ഇത് 70.25 കോടിയായി വെട്ടിക്കുറച്ചു.
ഒരുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ മാതാപിതാക്കൾക്ക് അവരുടെ പെണ്മക്കളുടെ വിവാഹത്തിനായി വിവാഹ ധനസഹായമായി 1.25 ലക്ഷം രൂപ വീതം നൽകുന്ന വിവാഹ ധനസഹായം നൽകുന്ന പദ്ധതിക്ക് 86 ലക്ഷം രൂപയായിരുന്നു വിഹിതമായി ഉൾപ്പെടുത്തിയിരുന്നത്. ഇത് 50 ലക്ഷമാക്കി വെട്ടിച്ചുരുക്കി.
പട്ടികജാതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹിക നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ഇൻഷ്വറൻസ് പദ്ധതിയായ ‘വാത്സല്യ നിധി’ക്ക് 10 കോടി രൂപയാണു വകയിരുത്തിയതെങ്കിലും ഇതിൽനിന്ന് ഒരു രൂപ പോലും കൊടുക്കേണ്ടെന്നാണ് ഉത്തരവ്. വാത്സല്യ നിധി പദ്ധതിയിൽ 100 ശതമാനം വെട്ടിക്കുറവു വരുത്തി.
പട്ടികജാതി വിഭാഗങ്ങൾക്ക് അനുവദിച്ച തുകയിൽ 20 വിഭാഗങ്ങൾക്കുള്ള തുകയിലാണു വെട്ടിക്കുറവു വരുത്തിയത്. കഴിഞ്ഞ ദിവസം ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ഒൻപത് സ്കോളർഷിപ്പുകൾക്കുള്ള തുകയിൽ 50 ശതമാനം വീതം വെട്ടിക്കുറവു വരുത്തിയിരുന്നു. ഇതു വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതിനു പിന്നാലെയാണ് പട്ടികജാതി വികസന ഫണ്ടും വെട്ടിയത്.