ഭാവിയെ പേടിക്കേണ്ട, ആഘോഷമാക്കൂ: ഡോ. ടോം ജോസഫ്
Saturday, February 1, 2025 1:53 AM IST
കൊച്ചി: ഭാവിയിലേക്ക് എല്ലാ അർഥത്തിലും പുതിയ തലമുറയെ ഒരുക്കിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ജെയിന് സര്‍വകലാശാല ആതിഥേയത്വം വഹിച്ച ഫ്യുച്ചര്‍ സമ്മിറ്റ് 2025 വിജയകരമെന്ന് സര്‍വകലാശാല ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്. ഭാവി സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമാണ്. വരും കാലത്തെ പേടിക്കുകയല്ല ആഘോഷമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വരുകാലത്തെ മാറ്റം കേവലം കുറച്ച് ആളുകള്‍ മാത്രം അറിയുകയും സ്വായത്തമാക്കുകയും ചെയ്യേണ്ട ഒന്നല്ല. അത് സമൂഹത്തിലെ മുഴുവന്‍ ആളുകളിലേക്കും എത്തേണ്ടതുണ്ട്. എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊണ്ടാണ് ഫ്യൂച്ചര്‍ സമ്മിറ്റ് കടന്നുപോകുന്നത്.
മാറ്റം നമ്മളില്‍ നിന്നാരഭിക്കേണ്ടതാണെന്ന ആശയത്തോടെയാണ് ജെയിന് സര്‍വകലാശാല ആരംഭിച്ചത്. അതിന് തുടക്കം കുറിക്കുകയാണ് ഈ സംരംഭത്തിലൂടെ. റോബോട്ടിക്സും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്സുമടക്കം ഭാവിയിലെ സാങ്കേതിക വിദ്യകളും വിദ്യാഭ്യാസത്തിലടക്കം വരുന്ന മാറ്റങ്ങളും, പരിസ്ഥിതി, ഭൂമി, കാലാവസ്ഥ, കൃഷി എന്നിവയിലും ക്രിയാത്മക ചര്‍ച്ചകള്‍ക്ക് വേദി തുറക്കാനായി.
ഏഴ് ദിവസങ്ങളിലായി നടന്ന സംവാദങ്ങളില്‍ നിന്നുള്ള ഭാവിയെ കരുതിയുള്ള കണ്ടെത്തലുകള്‍ പഠന റിപ്പോര്‍ട്ടാക്കും ഇത് സര്‍ക്കാരിന് സമര്‍പ്പിക്കും. പൊതുജനങ്ങളിലേക്കും ഇത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഭാവിയെ ആഘോഷമാക്കിയാല്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്ന പ്രവണത അവസാനിക്കും.
കൊച്ചിയുടെ രാത്രി ജീവിതത്തില്‍ വരേണ്ട മാറ്റം മുന്നില്‍ കണ്ടാണ് പരിപാടിയോടനുബന്ധിച്ച് ഫുട്സ്ട്രീറ്റ് ഉള്‍പ്പെടെ ക്രമീകരിച്ചത്. പുതുതലമുറയ്ക്ക് ഇതിലൂടെ അടക്കം മാറ്റം ഉള്കൊള്ളനായി. വരും വര്‍ഷങ്ങളില്‍ എല്ലാ മേഖലയിലും ഏറ്റവും മികച്ചത് നല്‍കുക എന്ന ആശയവും സമ്മിറ്റിന് പിന്നിലുണ്ട്. ഭാവിയിലെ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി രാജ്യത്തുതന്നെ ആദ്യമായാണ് ഒരു സര്‍വകലാശാല ഇത്രയും വലിയ സമ്മിറ്റ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടരും; വേദി കൊച്ചി തന്നെ
ഫ്യൂച്ചര്‍ സമ്മിറ്റിന്റെ തുടര്‍ച്ച വരും വര്‍ഷങ്ങളില്‍ ഉണ്ടാകുമെന്ന് ഡോ. ടോം ജോസഫ് പറഞ്ഞു. വേദി കൊച്ചി തന്നെയായിരിക്കും. നിലവല്‍ 2050 മുന്നില്‍ കണ്ടുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. വരും വര്‍ഷത്തെ പരിപാടികള്‍ ഇപ്പോഴേ വ്യക്തമാണ്. എങ്കിലും അതത് കാലങ്ങളിലെ അഡ്വാന്‍സ്ഡ് ടെക്നോളജി ഉള്‍പ്പെടെ പരിപാടിയുടെ ഭാഗമായിക്കൊണ്ടിരിക്കും.