കെഎസ്ആർടിസി ബസ് പോസ്റ്റിലിടിച്ചു ; കൈയറ്റ യാത്രക്കാരൻ രക്തംവാർന്നു മരിച്ചു
Saturday, February 1, 2025 3:09 AM IST
വിഴിഞ്ഞം: കെഎസ്ആർടിസി ബസിന്റെ പിൻവശം ഇലക്ട്രിക് പോസ്റ്റിലിടിച്ചു യാത്രക്കാരന്റെ കൈ അറ്റുവീണു. മിനിറ്റുകളോളം ബസിനുള്ളിൽ ജീവനുവേണ്ടി പിടഞ്ഞ ഇദ്ദേഹം ആശുപത്രിയിൽ എത്തും മുന്പ് രക്തം വാർന്ന് മരണത്തിന് കീഴടങ്ങി. പുല്ലുവിള പുതിയതുറ പുരയിടത്തിൽ ബെഞ്ചിലാസ് (62) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലോടെ വിഴിഞ്ഞം പുളിങ്കുടിക്ക് സമീപമാണ് ദാരുണസംഭവം. മീൻ പിടിക്കാൻ പോകുന്നതിന് ഉച്ചയോടെ വിഴിഞ്ഞത്ത് എത്തിയ ബെഞ്ചിലാസ് പണിയില്ലെന്നറിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകുന്പോഴാണ് അപകടമുണ്ടായത്. വിഴിഞ്ഞം ഡിപ്പോയിൽനിന്ന് പൂവാറിലേക്ക് പോകുകയായിരുന്ന ബസിലെ പിന്നിലെ വിൻഡോ സീറ്റിലാണ് ഇരുന്നത്.
പുളിങ്കുടി ജംഗ്ഷനിൽ നിർത്തി യാത്രക്കാരെ കയറ്റിയ ശേഷം മുന്നോട്ടെടുത്ത ബസ് കഷ്ടിച്ച് നൂറ് മീറ്റർ പോയതോടെ പിൻഭാഗം റോഡിന് വശത്തുനിന്ന ഇരുമ്പ് പോസ്റ്റിൽ ഇടിച്ചുവെന്ന് മറ്റു യാത്രക്കാർ പറയുന്നു. ഇടിയുടെ ആഘാതത്തിൽ പിന്നിലെ ഗ്ലാസ് തകർന്ന് യാത്രക്കാരുടെ മേൽ പതിച്ചു.
ഇതിനിടയിൽ ബസിന്റെ സൈഡിൽ ഇരുന്ന ബെഞ്ചിലാസിന്റെ ഇടതു കൈ മുറിഞ്ഞുവീണു. മുറിഞ്ഞ കൈയുമായി സീറ്റിനിടയിൽ കുടുങ്ങിയ ഇദ്ദേഹത്തെ തുടക്കത്തിൽ പുറത്തെടുക്കാനുമായില്ല.
ഒടുവിൽ ഇരുപതു മിനിറ്റ് കഴിഞ്ഞ് വിഴിഞ്ഞത്തുനിന്നെത്തിയ ആംബുലൻസിൽ പോലീസിന്റെ സഹായത്തോടെ ബെഞ്ചിലാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തകർന്ന ഗ്ലാസ് വീണായിരിക്കാം കൈ നഷ്ടമായതെന്ന് യാത്രക്കാർ പറയുന്നു. ഗ്ലാസ് വീണ് യാത്രക്കാരായ മറ്റുരണ്ടുപേർക്കും നിസാര പരിക്കേറ്റു.
ബെഞ്ചിലാസിന്റെ ഭാര്യ പരേതയായ പുഷ്പ ലില്ലി. മക്കൾ: വില്യംസ് (മിലിട്ടറി), സുരേഷ് ( ദുബായ്), ഇഗ്നേഷ്യസ് (മിലിട്ടറി) . മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. വിഴിഞ്ഞം പോലീസ് കേസെടുത്തു.