നെടുന്പാശേരി-ലണ്ടൻ എയർ ഇന്ത്യ സർവീസ് നിർത്തുന്നു
Saturday, February 1, 2025 2:25 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സർവീസ് നിർത്തുന്നു. മാർച്ച് 30 മുതൽ സർവീസ് ഉണ്ടായിരിക്കില്ലെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
കേരളത്തിൽനിന്നു യൂറോപ്പിലേക്ക് നേരിട്ടുള്ള ഏക വിമാന സർവീസാണിത്. ആഴ്ചയിൽ മൂന്ന് സർവീസാണ് നടത്തിയിരുന്നത്. പത്തു മണിക്കൂറിൽ ഒറ്റപ്പറക്കലിനു നാട്ടിലെത്താമെന്നതിനാൽ പെട്ടെന്ന് ഈ സർവീസ് ജനപ്രിയമായി മാറിയിരുന്നു. ഒരിക്കൽപ്പോലും ഈ വിമാനം ആവശ്യത്തിനു യാത്രക്കാരില്ലാതെ പറക്കേണ്ടതായി വന്നിട്ടില്ല.
കോവിഡ് കാലത്ത് രാജ്യാന്തര സർവീസുകൾ നിലച്ചപ്പോൾ ബ്രിട്ടനിൽ കുടുങ്ങിയിരുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ‘വന്ദേഭാരത്’ മിഷന്റെ ഭാഗമായാണ് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. ഈ സർവീസിന്റെ സ്വീകാര്യത കണക്കിലെടുത്ത് പിന്നീട് ഇത് റെഗുലർ ഷെഡ്യൂളിൽ ഉൾപ്പെടുത്തുകയായിരുന്നു. വിമാനങ്ങളുടെ പാർക്കിംഗ്, ലാൻഡിംഗ് ചാർജുകൾ ഒഴിവാക്കി നൽകി കൊച്ചി വിമാനത്താവള അധികൃതരും ഈ സർവീസിനെ പ്രോത്സാഹിപ്പിച്ചു.
ഡ്രീം ലൈൻ വിഭാഗത്തിൽപ്പെട്ട വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ഈ വിമാനം അറ്റകുറ്റപ്പണികൾ നടത്തേണ്ടതിനാലും പകരം നൽകാൻ വിമാനം ഇല്ലാത്തതിനാലുമാണ് സർവീസ് താത്കാലികമായി നിർത്തുന്നതെന്നാണ് എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം. ഇതു പൂർണമായും ശരിയല്ലെന്നാണ് വ്യോമയാന രംഗത്തുള്ളവരും ട്രാവൽ ഏജൻസികളും പറയുന്നത്.
2023ൽ ഈ സർവീസ് നിർത്തലാക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ സംസ്ഥാനസർക്കാരിന്റെയും കേരളത്തിൽനിന്നുള്ള എംപിമാർ ഉൾപ്പെടെയുള്ളവരുടെയും ശക്തമായ സമ്മർദത്തെത്തുടർന്നാണ് തീരുമാനം പിൻവലിച്ചത്.
യൂറോപ്പിൽനിന്ന് ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിൽ ഒന്നാണിത്. ശരാശരി 97 ശതമാനമാണ് ഈ വിമാനത്തിലെ യാത്രക്കാർ. ഈ സർവീസ് നിർത്തലാക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെ സമീപിക്കുന്നതിനായി ബ്രിട്ടനിലെ വിവിധ മലയാളി സംഘടനകൾ ഓൺലൈൻ ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്.