സാമൂഹ്യക്ഷേമ സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും: മന്ത്രി ആർ. ബിന്ദ ു
Sunday, February 2, 2025 1:27 AM IST
തൃശൂർ: അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, കുട്ടികളുടെ ഓർഫനേജുകൾ, സൈക്കോ സോഷ്യൽ സെന്ററുകൾ തുടങ്ങിയ ആയിരക്കണക്കിനു സാമൂഹ്യക്ഷേമസ്ഥാപനങ്ങൾ ഗ്രാന്റ്, സാമൂഹ്യസുരക്ഷാ പെൻഷൻ, സൗജന്യചികിത്സ, റേഷൻ തുടങ്ങിയ വിഷയങ്ങളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾക്കും പ്രശ്നങ്ങൾക്കും ഉചിതപരിഹാരം കണ്ടെത്തുമെന്നു സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദു പറഞ്ഞു.
അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻസ് കേരളയുടെ (എഒസിഐകെ) സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള 1798 ക്ഷേമസ്ഥാപനങ്ങളിൽ വെറും 34 സ്ഥാപനങ്ങൾമാത്രമാണ് ഗവൺമെന്റ് നടത്തുന്നത്. ബാക്കി മുഴുവൻ ക്ഷേമസ്ഥാപനങ്ങളും നടത്തുന്നതു സന്നദ്ധ എൻജിഒകളും സമർപ്പിതരുമാണ്. അവരെ ഈ ശുശ്രൂഷകളിൽ പിന്തുണയ്ക്കേണ്ടത് ഗവൺമെന്റിന്റെ വലിയ ഉത്തരവാദിത്വവും കടമയുമാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു.
എഒസിഐകെ സംസ്ഥാന പ്രസിഡന്റും ഓർഫനേജ് കണ്ട്രോൾ ബോർഡ് (ഒസിബി) അംഗവുമായ ഫാ. ലിജോ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദിൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എഒസിഐകെ സംസ്ഥാന വൈസ് പ്രസിഡന്റും ഒസിബി മെംബറുമായ ഫാ. റോയ് മാത്യു വടക്കേൽ, ഒസിബി മെംബർ സിസ്റ്റർ വിനീത, സംസ്ഥാന ട്ര
ഷറർ ബ്രദർ പീറ്റർ ദാനം, ജോയിന്റ് സെക്രട്ടറി ആർ. സജീവൻ എന്നിവർ പ്രസംഗിച്ചു.
സാമൂഹ്യക്ഷേമസ്ഥാപനങ്ങൾക്കു നൽകുന്ന സ്തുത്യർഹസേവനങ്ങളെപ്രതി മന്ത്രി ആർ. ബിന്ദുവിനെയും പൗരോഹിത്യരജതജൂബിലി ആഘോഷിക്കുന്ന സംസ്ഥാന പ്രസിഡന്റ് ഫാ. ലിജോ ചിറ്റിലപ്പിള്ളിയെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ക്ഷേമസ്ഥാപനങ്ങളുടെ വിവിധ പ്രശ്നങ്ങൾ വിവരിച്ചുള്ള അസോസിയേഷന്റെ മെമ്മോറാണ്ടം ഫാ. ലിജോ ചിറ്റിലപ്പിള്ളി മന്ത്രിക്കു സമർപ്പിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദിൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഡോ. റോസക്കുട്ടി ഏബ്രഹാം നന്ദിയും പറഞ്ഞു.