കാണാതാകുന്നവരുടെയും പീഡനമേൽക്കുന്നവരുടെയും എണ്ണത്തിൽ വർധന
Saturday, February 1, 2025 1:53 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു കാണാതാകുന്നവരുടെ എണ്ണത്തിൽ വർധന. പുരുഷൻമാർക്കൊപ്പം സ്ത്രീകളേയും കുട്ടികളേയും വലിയ തോതിൽ കാണാതാകുന്നതായാണ് പോലീസിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
2024ൽ സംസ്ഥാനത്ത് 11,897 പേരെ കാണാതായതായാണ് കണക്ക്. 2021 ൽ 9713 പേരെയാണ് കാണാതായത്. 2022 ൽ 11,259 പേരെയും 2023 ൽ 11,760 പേരെയും കാണാതായതായാണ് കണക്ക്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി വർധിക്കുന്നുണ്ട്.
ജോലിക്കായി വിദൂരസ്ഥലങ്ങളിലേക്കുള്ള പോക്ക്, കുടുംബത്തെ ഉപേക്ഷിച്ചുള്ള കാണാതാകൽ, തീവ്രവാദ റിക്രൂട്ട്മെന്റ് തുടങ്ങിയവയാണ് പുരുഷൻമാരെ കാണാതാകുന്നതിനുള്ള കാരണങ്ങളായി ഔദ്യോഗികമായി പറയുന്നത്. എന്നാൽ, സ്ത്രീകളുടെ കാര്യത്തിൽ പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോട്ടം, ഭർത്താവോ ബന്ധുക്കളോ കൊലപ്പെടുത്തൽ, പെണ്‍വാണിഭ മാഫിയയുടെ പിടിയിൽ അകപ്പെടുന്ന സംഭവങ്ങൾ തുടങ്ങിയവയാണ് ചൂണ്ടിക്കാട്ടുന്നത്.
ഭിക്ഷാടന, അവയവ റാക്കറ്റിന്റെ പിടിയിൽ അകപ്പെടുന്നതാണ് കുട്ടികൾക്കു വിനയാകുന്നത്.കുട്ടികൾക്കും സ്ത്രീകൾക്കും എതിരേയുള്ള അതിക്രമ കേസുകളും വൻതോതിൽ വർധിക്കുന്നതായാണ് കണക്കുകൾ. പോക്സോ കേസുകൾ കഴിഞ്ഞ വർഷം 2161 ആയി ഉയർന്നു. 2023 ൽ 1719 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2022 ൽ 1704 കേസുകളും രജിസ്റ്റർ സ്ഥാനത്താണ് കഴിഞ്ഞ വർഷം ഇത് 2161 ആയി ഉയർന്നത്.
സ്ത്രീകൾക്കെതിരേയുള്ള ബലാത്സംഗ കേസുകളിലും വൻ വർധനയുണ്ടായി. 2024 ൽ ബലാത്സംഗ കേസുകൾ 3,000ത്തോളമായി ഉയർന്നു. 2023 ൽ 2563 കേസുകളായിരുന്നു രജിസ്റ്റർ ചെയ്യപ്പെട്ടത്. 2023 ൽ 2518 ആയിരുന്നു.
സ്ത്രീകൾക്കെതിരേയുള്ള പീഢന പരാതികളിൽ രജിസ്റ്റർ ചെയ്തത് 4286 കേസുകളാണ്. സ്ത്രീകൾക്കെതിരേയുള്ള അത്ിക്രമങ്ങളുമായി ബന്ധപ്പെട്ട് 18,887 കേസുകളും രജിസ്റ്റർ ചെയ്തു.