വാഹനങ്ങളിൽ അപായപ്പെടുത്തുംവിധമുള്ള ലൈറ്റുകൾ അനുവദിക്കാനാകില്ല: ഹൈക്കോടതി
Saturday, February 1, 2025 3:09 AM IST
കൊച്ചി: വലിയ വാഹനങ്ങളിലെ ചട്ടവിരുദ്ധ ലൈറ്റുകള്‍ മൂലം രാത്രിയില്‍ ചെറുവാഹനങ്ങൾ അപകടത്തില്‍പ്പെടുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി.
മുന്‍വശത്തെ ഗ്രില്ലിനകത്തുപോലും കടുത്ത പ്രകാശമുള്ള ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ഇവയ്ക്ക് എങ്ങനെയാണു രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
മൂന്നാറില്‍ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്ക് മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവനുവദിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഇതുവരെയുള്ള നടപടികള്‍ വിശദമാക്കി സര്‍ക്കാരും കെഎസ്ആര്‍ടിസിയും അടുത്ത മാസം 13നകം റിപ്പോര്‍ട്ട് നല്കാന് കോടതി നിര്‍ദേശിച്ചു.
മൂന്നാറിലെ ബസിന്റെ അകത്തെയും പുറത്തെയും ദൃശ്യങ്ങളും വിശദീകരണത്തിനൊപ്പം സമര്‍പ്പിക്കണം. കെഎസ്ആര്‍ടിസി റോയല്‍വ്യൂ ടൂറിസ്റ്റ് ബസുകളില്‍ അനുവദനീയമായതിലും അധികം ലൈറ്റുകളുണ്ടെന്ന് ദൃശ്യങ്ങളില്‍നിന്നാണു കോടതി കണ്ടെത്തിയത്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും ചട്ടങ്ങള്‍ ബാധകമാണെന്ന് കോടതി വ്യക്തമാക്കി.