കേരളത്തിന് 72,000 കോടിയുടെ അർഹതയുണ്ടെന്ന് മന്ത്രി ബാലഗോപാൽ
Sunday, February 2, 2025 2:40 AM IST
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനും വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിക്കും ഒരു പൈസ പോലും നീക്കിവയ്ക്കാത്ത കേന്ദ്ര ബജറ്റിൽ കേരളത്തെ വീണ്ടും അവഗണിക്കുന്ന സമീപനമാണു സ്വീകരിച്ചതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
രാഷ്്ട്രീയമായി താത്പര്യമുള്ള സംസ്ഥാനങ്ങൾക്കു പരിഗണന നൽകിയപ്പോൾ മറ്റു സംസ്ഥാനങ്ങളെ അവഗണിക്കുന്ന സമീപനമാണിത്. എല്ലാ സംസ്ഥാനങ്ങളിലും തുല്യസമീപനം സ്വീകരിച്ചില്ല. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യത്തിൽ ന്യായവും സാമാന്യവുമായ പ്രതീക്ഷ കേരളത്തിനുണ്ടായിരുന്നു.
നിക്ഷേപം, വികസനം, കയറ്റുമതി എന്നിവയിൽ ഊന്നുന്നതാണ് ബജറ്റ് പ്രഖ്യാപനമെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ വാദം. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തെക്കുറിച്ച് ബജറ്റിൽ ഒന്നുമില്ല. 25 ലക്ഷം കോടിയാണ് സംസ്ഥാനങ്ങൾക്കാകെ നീക്കിവച്ചത്.
കഴിഞ്ഞ ബജറ്റിൽ ഇത് 20.1 ലക്ഷം കോടിയായിരുന്നു. ജനസംഖ്യാനുപാതികമായി നോക്കിയാൽ കഴിഞ്ഞ വർഷം കേരളത്തിന് കിട്ടേണ്ടത് 73,000 കോടിയാണെങ്കിലും ലഭിച്ചത് 32,000 കോടി മാത്രമാണ്. സംസ്ഥാനങ്ങളുടെ മൊത്തം വിഹിതത്തിൽ 4.9 ലക്ഷം കോടി വർധിച്ച സാഹചര്യത്തിൽ 14,258 കോടി കേരളത്തിന് അധികമായി ലഭിക്കണം. പക്ഷേ പ്രാഥമിക കണക്കു പ്രകാരം വർധന 3000-4000 കോടി മാത്രമാണ്.
ബിഹാറിലും ഡൽഹിയിലുമൊക്കെ തെരഞ്ഞെടുപ്പു വരുന്നതിനാൽ രാഷ്്ട്രീയ പ്രഖ്യാപനങ്ങൾ ഇതിനു പിന്നിലുണ്ടായേക്കാം. ഇന്ധന, കീടനാശിനി സബ്സിഡികളിലെല്ലാം കുറവുണ്ട്. പെട്രോളിയം സെസിൽ 2400 കോടി കുറഞ്ഞു. തൊഴിലുറപ്പു പദ്ധതിയിൽ വർധനയില്ല. കഴിഞ്ഞവർഷം 3000 കോടി കുറച്ചിരുന്നു. വിള ഇൻഷ്വറൻസിന് 3600 കോടി കുറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പു കഴിയുന്പോൾ മറ്റു സംസ്ഥാനങ്ങളിലും ചിലതൊക്കെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. കാപക്സ് വായ്പയിലെ വർധന കേരളത്തിനു ഗുണം ചെയ്യും. വിഴിഞ്ഞം അടക്കമുള്ള പദ്ധതികളിൽ ഇതു ഗുണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.