ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: രണ്ടു പേർ പിടിയിൽ
Sunday, February 2, 2025 1:27 AM IST
കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ വൈദികന്റെ 1.41 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ പോലീസ് പിടിയില്‍.
വൈദികന്റെ കൈയില്‍നിന്നും തട്ടിയെടുത്ത പണം എടിഎമ്മില്‍നിന്നും പിന്‍വലിച്ച തട്ടിപ്പ് സംഘാംഗങ്ങളായ രണ്ട് പേരെയാണ് പോലീസ് സംഘം പിടികൂടിയത്. വയനാട് താമരശേരി പെരുമ്പള്ളി കുന്നത്ത് വീട്ടില്‍ മുഹമ്മദ് മിനാജ് (21), ചെറുപ്ലാട് ഷംനാദ് (32) എന്നിവരെയാണ് കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷ് അറസ്റ്റ് ചെയ്തത്. 2024 നവംബര്‍ മുതല്‍ 2025 ജനുവരി 15 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.
പണം നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞതോടെ വൈദികൻ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഉത്തരേന്ത്യന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നു കണ്ടെത്തി. വിവിധ അക്കൗണ്ടുകളിലേക്കാണ് പണം തട്ടിപ്പ് സംഘം മാറ്റിയിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ വിവിധ എടിഎമ്മുകളില്‍നിന്നും എട്ട് തവണയായി 1.41 കോടി രൂപ പിന്‍വലിച്ചതായി കണ്ടെത്തിയത്.
ഈ അക്കൗണ്ട് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ താമരശേരി സ്വദേശികളുടെ വിലാസം കണ്ടെത്തുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.