ഓണ്‍ലൈന്‍ തട്ടിപ്പ് :ഹൈക്കോടതി റിട്ട. ജഡ്ജിക്ക് 90 ലക്ഷം നഷ്ടം
Friday, January 17, 2025 6:40 AM IST
തൃപ്പൂണിത്തുറ: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ ഹൈക്കോടതി റിട്ട. ജഡ്ജിക്ക് 90 ലക്ഷം രൂപ നഷ്ടമായി. തൃപ്പൂണിത്തുറ എരൂര്‍ അമൃത ലൈനില്‍ സ്വപ്നം വീട്ടില്‍ എം. ശശിധരന് നമ്പ്യാര്ക്കാ (73) ണു പണം നഷ്ടമായത്. സംഭവത്തില്‍ ശശിധരന് നമ്പ്യാരുടെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കേസെടുത്തു. കേസ് സൈബര്‍ പോലീസിന് കൈമാറും.
ആദിത്യ ബിര്‍ള കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഓഹരിവിപണിയില്‍ നിക്ഷേപം നടത്തിയാല്‍ വന്‍ ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വാട്സ്ആപ്പിലൂടെ ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിംഗ് ഗ്രൂപ്പില്‍ ശശിധരന് നമ്പ്യാരെ അംഗമാക്കിയശേഷം ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ 850 ശതമാനം ലാഭവിഹിതം തരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഇടപാടിന്റെ വിവരങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെ തട്ടിപ്പുകാര്‍ ഗ്രൂപ്പില്‍ പങ്കുവച്ച ലിങ്കില്‍ കയറിയപ്പോള്‍ ലഭിച്ച ആപ്പ് വഴി പണം നിക്ഷേപിക്കാന്‍ നിർദേശിക്കുകയുമായിരുന്നു.
പേരുകേട്ട കമ്പനിയായ ആദിത്യ ബിര്‍ളയുടെ പേരിന്റെ വിശ്വാസ്യതയില്‍ വീണുപോയ ശശിധരന് നമ്പ്യാര്‍ വിവിധ അക്കൗണ്ടുകളില്‍നിന്നായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനും 30 നുമിടയിലായി 90 ലക്ഷം രൂപ ആപ്പ് വഴി നിക്ഷേപിച്ചു.
പണം നിക്ഷേപിച്ചശേഷം വാഗ്ദാനം ചെയ്തതുപോലെ ലാഭമോ മുതലോ ലഭിക്കുന്നില്ലെന്നു മനസിലായതോടെ കഴിഞ്ഞ അഞ്ചിന് ഹില്‍പാലസ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പോലീസ് തട്ടിപ്പിന് ഉപയോഗിച്ച വാട്സ്ആപ് വഴി പരിചയപ്പെട്ട അയാന ജോസഫ്, വര്‍ഷ സിംഗ് എന്നിവരെ പ്രതിചേര്‍ത്തു.