സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കരുത്: അഡ്വ.വി.സി. സെബാസ്റ്റ്യന്‍
Friday, January 17, 2025 6:07 AM IST
കോട്ടയം: വൈസ് ചാന്‍സലര്‍, അധ്യാപക നിയമന മാനദണ്ഡ കരട് നിര്‍ദേശങ്ങളുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലടിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ ബോധപൂര്‍വം തകര്‍ക്കുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍.
അവസരങ്ങളും സാധ്യതകളും തേടി പുതുതലമുറ വിദേശരാജ്യങ്ങളിലേയ്ക്ക് ഒഴുകുന്ന സാഹചര്യം വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. രാജ്യാന്തര നിലവാരവും തൊഴില്‍ സാധ്യതയുള്ളതുമായ ഉന്നതവിദ്യാഭ്യാസം പുതുതലമുറയ്ക്ക് പങ്കുവെയ്ക്കാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരസ്പരം പോരടിച്ച് തുഗ്ലക് പരിഷ്കാരങ്ങള്‍ നടത്തി രാഷ്ട്രീയ നാടകം കളിച്ച് വരും തലമുറയുടെ ഭാവി പന്താടുകയാണ്. യുജിസിയുടെ പുതിയ കരട് നിര്‍ദ്ദേശങ്ങള്‍ രാജ്യത്തെ ഫെഡറല്‍ ഭരണസംവിധാനത്തിന്മേലുള്ള കടന്നുകയറ്റമാണെന്നതില് സംശയമില്ല.
അധ്യാപകരുടെ യോഗ്യതകളും അവരുടെ പ്രവര്‍ത്തനങ്ങളുടെ കാലാനുസൃത വിലയിരുത്തലുകളും കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചുള്ള യോഗ്യത പുനര്‍നിര്‍ണയവും ഇന്നത്തെ സാഹചര്യത്തില്‍ അത്യാവശ്യ കാര്യങ്ങളാണ്. അധികാര വടംവലിയുടെ പേരില്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ പുതുതലമുറ രാജ്യം വിട്ടോടുന്ന പ്രക്രിയ കൂടുതല്‍ ശക്തിപ്പെടുമെന്ന് തിരിച്ചറിയണമെന്നും രാജ്യാന്തര കാഴ്ചപ്പാടോടുകൂടിയ ഉന്നതവിദ്യാഭ്യാസ മുന്നേറ്റത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ പരസ്പരം സഹകരിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.