ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: എട്ട് പരാതികള്‍ കൂടി ലഭിച്ചതായി സര്‍ക്കാര്‍ കോടതിയില്‍
Friday, January 17, 2025 6:07 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എട്ട് പരാതികള്‍ കൂടി ലഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതില്‍ അഞ്ചെണ്ണത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നെണ്ണം തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് അയച്ചെന്നും സര്‍ക്കാര്‍ വിശദീകരണം നല്കി. ഏഴു കേസുകളില്‍ കുറ്റപത്രം നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
സാമുദായിക- സാമ്പത്തിക വെല്ലുവിളികള്‍ അടക്കമുള്ള വിഷയങ്ങളും പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ നിയമമാണു സിനിമയില്‍ വേണ്ടതെന്ന് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാരും സി.എസ്. സുധയും അടങ്ങിയ ഡിവിഷന് ബെഞ്ച് നിർദേശിച്ചു. സിനിമയില്‍ തന്നെ ദളിത് സ്ത്രീകളും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകളും നേരിടുന്ന വിവേചനം ഭിന്നമാണ്.
ഇത്തരം വിഷയങ്ങള്‍ പരിഗണിക്കുന്നതല്ല നിലവില്‍ രാജ്യത്തുള്ള നിയമങ്ങളെന്നും കോടതി പറഞ്ഞു. ഇതടക്കമുള്ള വിഷയങ്ങള്‍ നിയമനിർമാണം നടത്തുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ നിയമ നിർമാണത്തിനുള്ള സര്‍ക്കാരിന്റെ അധികാരത്തില്‍ ഇടപെടില്ലെന്നും സഹായകമായ ശിപാര്‍ശകള്‍ നല്കുകയാണു ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
സിനിമ- ടെലിവിഷന്‍ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഗണിക്കുന്നതിനായി പ്രത്യേക ട്രൈബ്യൂണല്‍ വേണമെന്നതടക്കം നിര്‍ദേശിച്ചാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. കേരള എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രി ഇക്വാളിറ്റി ആന്‍ഡ് എംപവര്‍മെന്റ് ആക്ട് എന്നാണ് കരട് നിയമത്തിന്റെ പേര്. ട്രൈബ്യൂണലിന്റെ ചെയര്മാന് റിട്ട. ഹൈക്കോടതി ജഡ്ജിയായിരിക്കണം. വനിതാ കമ്മീഷന്, വിമന്‍ ഇന്‍ സിനിമ കളക്ടീവ് അടക്കമുള്ളവര്‍ നല്കിയ അഭിപ്രായങ്ങള്‍ പരിഗണിച്ചാണു റിപ്പോര്‍ട്ട്.