ഐഎച്ച്ടിആര്എഫിന്റെ അവകാശവാദം പരിശോധിക്കാന്‍ സര്‍ക്കാര്‍
Friday, January 17, 2025 6:08 AM IST
കോഴിക്കോട്: ഓട്ടിസം, ബുദ്ധിമാന്ദ്യം തുടങ്ങിയ അസുഖങ്ങള്‍ക്കു മുന്നില്‍ ആധുനിക വൈദ്യശാസ്ത്രം പകച്ചുനില്‍ക്കുന്നതിനിടെ, ഇന്ത്യന്‍ ഹെര്‍ബല്‍ തെറാപി ആന്‍ഡ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ (ഐഎച്ച്ടിആര്എഫ്) അവകാശവാദം ശാസ്ത്രീയമായി പരിശോധിക്കാന്‍ സര്‍ക്കാര്‍.
ഓട്ടിസം, ബുദ്ധിമാന്ദ്യം, ഡൗണ്‍സിന്‍ഡ്രോം, മൈക്രോസെഫാലി, പോളിയോ, പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്സ്, മസ്കുലര്‍ ഡിസ്ട്രോഫി തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്ക് ആദിവാസി, പാരമ്പര്യ, നാട്ടറിവു വിധികള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ചികിത്സാരീതികള്‍ ഫലപ്രദമാണെന്നാണ് ഐഎച്ച്ടിആര്എഫിന്റെ അവകാശവാദം.
ആദിവാസി -നാട്ടുവൈദ്യ ചികിത്സയെ സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ 2021ല്‍ ഐഎച്ച്ടിആര്എഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വിവിധ മേഖലകളിലെ വിദഗ്ധര്‍ അടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ച് ഐഎച്ച്ടിആര്എഫിന്റെ അവകാശവാദങ്ങള്‍ പരിശോധിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. തുടര്‍ന്ന്, ആവശ്യമെങ്കില്‍ ക്ലിനിക്കല്‍, പ്രീ ക്ലിനിക്കല്‍ പരിശോധനകളിലേക്കു കടക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്‍ഡ് കോഗ്നിറ്റീവ് ന്യൂറോ സയന്‍സസ്, രാജീവ്ഗാന്ധി സെന്റര്‍ ഓഫ് ബയോ ടെക്നോളജി, തിരുവനന്തപുരം ആയുര്‍വേദ കോളജ്, പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ ആയുര്‍വേദ കോളജ് എന്നിവിടങ്ങളിലെ വിദഗ്ധരാണ് ഏഴംഗ കമ്മിറ്റിയിലുള്ളത്.
ആദിവാസി, പാരമ്പര്യ ചികിത്സയെത്തുടര്‍ന്ന് രോഗശമനം വന്നതായി ഐഎച്ച്ടിആര്എഫ് അവകാശപ്പെടുന്ന കേസുകള്‍ വിദഗ്ധ സംഘം പരിശോധിക്കും. അവകാശവാദത്തില്‍ കഴമ്പുണ്ടെന്നു കണ്ടാല്‍ ക്ലിനിക്കല്‍ മൂല്യനിര്‍ണയത്തിലേക്കു കടക്കും.
മണ്ണാര്‍ക്കാടുള്ള മാത്യൂസ് വൈദ്യരാണ് ഐഎച്ച്ടിആര്എഫിന്റെ സ്ഥാപകന്‍. അട്ടപ്പാടി ട്രൈബല്‍ ഊരിലെ പ്രശസ്ത നാട്ടുവൈദ്യനായിരുന്ന പരേതനായ കുരുത്തള്ള മാസി മൂപ്പന്റെ മകള്‍ രംഗമ്മയാണ് മാത്യൂസ് വൈദ്യരുടെ ഗുരു. ഇവരില്‍നിന്നു ലഭിച്ച ആദിവാസി ചികിത്സാ വിധികളുപയോഗിച്ചു തയാറാക്കിയ എണ്ണ ഉപയോഗിച്ചുള്ള പ്രത്യേക ചികിത്സ ജനികത വൈകല്യങ്ങള്ക്കടക്കം പരിഹാരമാണെന്ന് മാത്യൂസ് വൈദ്യര് അവകാശപ്പെടുന്നു. അംഗീകാരമില്ലെന്നു ചൂണ്ടിക്കാട്ടി ആയുര്‍വേദ വകുപ്പ് മാത്യൂസ് വൈദ്യര്‍ക്കെതിരേ നടപടി എടുത്തതോടെയാണ് അദേഹം കോടതിയെ സമീപിച്ചത്.
ഐഎച്ച്ടിആര്എഫിന്റെ ഹര്‍ജിയില്‍ നാലുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് 2021 ജനുവരിയില്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതെന്ന് മാത്യൂസ് വൈദ്യര് പറഞ്ഞു. എന്നാല്‍ അലോപ്പതി, ആയുര്‍വേദ ഡോക്ടര്‍മാരുടെ എതിര്‍പ്പുകാരണം നാലുവര്‍ഷത്തോളം നടപടികള്‍ വൈകുകയായിരുന്നു. അസുഖം ഭേദമായ കുട്ടികളുടെയും മാതാപിതാക്കളുടെയും സാക്ഷ്യപത്രം, വീഡിയോ ദൃശ്യങ്ങള്‍ തുടങ്ങിയവ സഹിതമാണ് ഐഎച്ച്ടിആര്എഫ് കോടതിയെ സമീപിച്ചത്.