പി. ജയരാജന്റെ ‘ചങ്കിലെ ചെങ്കൊടി’ പിണറായി വാഴ്ത്തുപാട്ടിനു മറുപടി?
Friday, January 17, 2025 6:24 AM IST
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുപാട്ട് അവതരിപ്പിക്കുന്ന അതേസമയം, ‘ചങ്കിലെ ചെങ്കൊടി’ യെന്ന വിപ്ലവഗാനം ഫേസ്ബുക്കില്‍ പങ്കുവച്ച് സിപിഎം നേതാവ് പി. ജയരാജന്. രണ്ടുദിവസം മുമ്പ് എം. സ്വരാജ് പ്രകാശനം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഗാനമാണ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ജയരാജന് തന്റെ പേജില്‍ പങ്കുവച്ചത്. പാര്‍ട്ടി സമരവീര്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും പങ്കുവയ്ക്കുന്നതാണ് ‘ചങ്കിലെ ചെങ്കൊടി’യിലെ വരികള്‍.
കണ്ണൂര്‍ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് 14ന് വൈകുന്നേരം അഞ്ചിനു പൂവ്വത്ത് നടന്ന സെമിനാര്‍ വേദിയിലായിരുന്നു ഈ വിപ്ലവഗാനത്തിന്റെ പ്രകാശനം. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
എന്നാല്‍, അന്നൊന്നും ഇത് ഷെയര്‍ ചെയ്യാതിരുന്ന പി. ജയരാജന്, മുഖ്യമന്ത്രിയെ വാഴ്ത്തിയുള്ള ഗാനം എംപ്ലോയീസ് അസോസിയേഷന് മന്ദിരോദ്ഘാടന ചടങ്ങില്‍ ആലപിക്കുന്ന അതേസമയമാണ് പങ്കുവച്ചത്.
2017ല്‍ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ ‘കണ്ണൂരിന്റെ ഉദയസൂര്യന്’ എന്ന സംഗീത ആല്‍ബത്തിനെതിരേ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു ശേഷം പിണറായിയെ പുകഴ്ത്തി പാറശാലയില്‍ നടത്തിയ ‘കാരണഭൂതന്’ മെഗാ തിരുവാതിരയും പാര്‍ട്ടിയില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.