യുഡിഎഫിന്റെ മലയോര സമരപ്രചാരണ യാത്ര 25 മുതൽ
Friday, January 17, 2025 6:08 AM IST
കണ്ണൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് നടത്തുന്ന മലയോര സമരപ്രചാരണ യാത്ര 25 മുതൽ ഫെബ്രുവരി അഞ്ചുവരെ നടക്കും. ജാഥയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്മേളനങ്ങൾ ഒരുക്കിയിട്ടുള്ളതായി യുഡിഎഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, എം.എം. ഹസൻ, സി.പി. ജോൺ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, ജി. ദേവരാജൻ, മാണി സി. കാപ്പൻ, അഡ്വ. രാജൻ ബാബു തുടങ്ങിയവർ യാത്രയിൽ പങ്കെടുക്കും.
യാത്രയുടെ ഉദ്ഘാടനം കണ്ണൂർ കരുവഞ്ചാലിൽ 25നു വൈകുന്നേരം അഞ്ചിനു കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. 27ന് ആറളം, കൊട്ടിയൂർ, 28ന് മാനന്തവാടി, സുൽത്താൻബത്തേരി, മേപ്പാടി, കോടഞ്ചേരി, 30ന് നിലന്പൂർ, കരുവാരക്കുണ്ട്, മണ്ണാർക്കാട്, 31ന് അതിരപ്പിള്ളി, മലയാറ്റൂർ, കോതമംഗലം, ഫെബ്രുവരി ഒന്നിന് അടമാലി, ചെറുതോണി, കുമളി, നാലിന് മുണ്ടക്കയം, ചിറ്റാർ, പിറവന്തൂർ, അഞ്ചിന് പാലോട്, അന്പൂരി എന്നിവിടങ്ങളിൽ യാത്രയ്ക്കു സ്വീകരണം നൽകും.
വനം നിയമഭേദഗതി ബിൽ പിൻവലിക്കുക, വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷികമേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കാണുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര പ്രചാരണയാത്ര നടത്തുന്നത്.