കലാമണ്ഡലത്തിന് പുതുചരിത്രം; നൃത്താധ്യാപകനായി ഡോ. ആർഎൽവി രാമകൃഷ്ണൻ
Friday, January 17, 2025 6:24 AM IST
തൃശൂർ: കേരള കലാമണ്ഡലത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ചുമതലയേറ്റ് ഡോ. ആർഎൽവി രാമകൃഷ്ണൻ. ഭരതനാട്യം വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറായിട്ടാണ് ഇന്നലെ ജോലിയിൽ പ്രവേശിച്ചത്. കലാമണ്ഡലത്തിന്റെ ചരിത്രത്തിൽത്തന്നെ അപൂർവമാണ് നൃത്തം അഭ്യസിപ്പിക്കാൻ പുരുഷ അധ്യാപകനെ നിയമിക്കുന്നത്.
അധ്യാപകനാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന്, അന്തരിച്ച പ്രമുഖനടൻ കലാഭവൻ മണിയുടെ സഹോദരൻകൂടിയായ രാമകൃഷ്ണൻ പറഞ്ഞു.
കലാമണ്ഡലത്തിന്റെ ആരംഭകാലത്തു ചെന്നൈയിൽനിന്നുള്ള എആർആർ ഭാസ്കർ, രാജരത്നം എന്നിവരാണു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. ഇവർക്കുശേഷം നൃത്താധ്യാപകനായി ജോലി ലഭിക്കുന്നതു സൗഭാഗ്യമാണെന്നും രാമകൃഷ്ണൻ പറഞ്ഞു. 1996 മുതൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ മോഹിനിയാട്ടം പഠിച്ച രാമകൃഷ്ണൻ നാലു വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും നേടി.
എംജി സർവകലാശാലയിൽനിന്ന് എംഎ മോഹിനിയാട്ടം ഒന്നാംറാങ്കിൽ പാസായി. കേരള കലാമണ്ഡലത്തിൽനിന്ന് പെർഫോമിംഗ് ആർട്സിൽ എംഫിലിൽ ഒന്നാംസ്ഥാനവും നേടി. നെറ്റ് യോഗ്യത നേടിയശേഷം കലാമണ്ഡലത്തിൽനിന്നാണ് പിഎച്ച്ഡി പൂർത്തിയാക്കിയത്.
15 വർഷത്തിലധികം കാലടി സംസ്കൃത സർവകലാശാലയിലും ആർഎൽവി കോളജിലും മോഹിനിയാട്ടം വിഭാഗത്തിൽ ഗസ്റ്റ് ലക്ചററായി സേവനം അനുഷ്ഠിച്ചു. 2022-24 കാലയളവിലാണ് ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയത്. രാമകൃഷ്ണനെതിരേ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ അടുത്തിടെ ഏറെ വിവാദമായിരുന്നു.