ഗോപന് സ്വാമിയുടെ സമാധിമണ്ഡപം പൊളിച്ച് മൃതദേഹം പുറത്തെടുത്തു
Friday, January 17, 2025 6:40 AM IST
നെയ്യാറ്റിന്‍കര : അതിയന്നൂർ കാവുവിളാകം ശ്രീ കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ പൂജാരി ആറാലുംമൂട് സ്വദേശി ഗോപന്‍സ്വാമി (70) യുടെ വിവാദ സമാധി മണ്ഡപം പൊളിച്ചു, മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
ഗോപന്‍സ്വാമി (70) യുടെ തിരോധാനം സംബന്ധിച്ച് നെയ്യാറ്റിന്‍കര പോലീസിന് ലഭിച്ച പരാതിയില്‍ കേസെടുത്തിരുന്നു. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് മക്കളായ സനന്ദനും രാജസേനനും നല്കിയ മൊഴി ദുരൂഹതയുണര്ത്തുന്നതാണെന്ന ആരോപണം ശക്തമായതോടെ പോലീസ് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്കി.
ഗോപന് സ്വാമി മരിച്ചതല്ല, സ്വയം വീട്ടില്‍ നിന്നു സ്വയം നടന്ന് 50 മീറ്റര്‍ അപ്പുറത്തുള്ള സമാധി മണ്ഡപത്തില്‍ ചെന്ന് ധ്യാനനിരതനായി ഇരിക്കുകയും തുടര്‍ന്ന് ഇളയ മകന് നോക്കിനില്‍ക്കെ സമാധി പ്രാപിക്കുകയും ചെയ്തുവെന്നായിരുന്നു കുടുംബാംഗങ്ങളുടെ മൊഴി.
ജില്ലാ ഭരണകൂടം സമാധി പൊളിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുവാനുള്ള നടപടികള്‍ക്ക് ഉത്തരവിട്ടു. അതേസമയം, ഉത്തരവ് നടപ്പിലാക്കാന്‍ സബ് കളക്ടറുടെയും നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോള്‍ വീട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിരോധിക്കുകയും അവര്‍ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദിയും മറ്റും രംഗത്തെത്തുകയും ചെയ്തു. സമാധി പൊളിച്ച് സംഭവത്തിലെ ദുരൂഹതയ്ക്ക് ഉത്തരം കാണണമെന്ന ആവശ്യവുമായി പ്രതിഷേധക്കാരുടെ വലിയൊരു സംഘവും സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സമാധി മണ്ഡപം പൊളിക്കല്‍ താത്കാലികമായി നിർത്തി വച്ചു.
ഗോപന് സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മരണ സര്‍ട്ടിഫിക്കറ്റ് എവിടെ എന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്കാനാവാഞ്ഞ സാഹചര്യം അവര്‍ക്ക് തന്നെ വിനയായി. കോടതിയുടെ നിലപാട് അനുകൂലമായതോടെ ജില്ലാ ഭരണകൂടം ഇന്നലെ സമാധി മണ്ഡപം പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള അന്തിമതീരുമാനം കൈക്കൊണ്ടു.
ഇന്നലെ പുലര്‍ച്ചെതന്നെ ഫോറന്‍സിക് വിദഗ്ധരുടെ സംഘം സ്ഥലത്തെത്തി. പോലീസിന്റെ നേതൃത്വത്തില്‍ സമാധി മണ്ഡപം ടാര്‍പോളിന്‍ ഉപയോഗിച്ച് നാലു പാടും കെട്ടി മറച്ചിരുന്നു. ഏഴോടെ സബ് കളക്ടര്‍ ഒ.വി ആല്‍ഫ്രഡും സ്ഥലത്തെത്തി. പോലീസിന്റെ വന്‍സന്നാഹം സ്ഥലത്ത് വിന്യസിച്ചിരുന്നു. മാധ്യമങ്ങള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും വിവാദ സമാധി മണ്ഡപ പരിസരത്തേയ്ക്ക് പ്രവേശനം വിലക്കി.
സമാധിയുടെ മേല്മൂടി മാറ്റിയപ്പോള്‍ത്തന്നെ ഗോപന്‍സ്വാമിയുടെ മൃതദേഹം കണ്ടെത്തി. ഗോപന് സ്വാമി പീഠത്തില്‍ ഇരിക്കുന്ന നിലയിലായിരുന്നു. ഇക്കഴിഞ്ഞ ഒന്‍പതിനായിരുന്നു മരണം. ഒരാഴ്ചയായതിനാല്‍ മൃതദേഹം ഭാഗികമായി അഴുകിയിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ അജിതയും ഗോപന് സ്വാമിയുടെ തിരോധാനം സംബന്ധിച്ച പരാതി നല്കിയ അയല്‍വാസി വിശ്വംഭരനും മൃതദേഹം ഗോപന്സ്വാമിയുടേതാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു പിന്നാലെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത ഗോപന് സ്വാമിയുടെ മൃതദേഹം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന്റെ രാസപരിശോധനാഫലം ലഭിച്ചാലേ മരണം സ്വാഭാവികമായിരുന്നോ എന്നറിയാനാകൂവെന്നും പോലീസ് വ്യക്തമാക്കി.