റിപ്പോർട്ടർ ചാനലിനെതിരേ കേസെടുത്തു
Friday, January 17, 2025 6:24 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഒപ്പന മത്സര വീഡിയോയിലെ ദ്വയാർത്ഥ പ്രയോഗത്തിൽ റിപ്പോർട്ടർ ചാനലിനെതിരേ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.
റിപ്പോർട്ടർ ചാനലിലെ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതിയാക്കിയും റിപ്പോർട്ടർ ഷഹബാസിനെ രണ്ടാം പ്രതിയാക്കിയും കണ്ടാലറിയാവുന്ന മറ്റൊരു റിപ്പോർട്ടറെ മൂന്നാം പ്രതിയാക്കിയുമാണ് കേസ്. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്.
പോക്സോയിലെ 11, 12 വകുപ്പുകൾ പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരവുമാണ് കേസ്. കലോത്സവത്തിലെ ഒപ്പനയിൽ പങ്കെടുത്ത ഒരു പെൺകുട്ടിയുടെ വീഡിയോ ചിത്രീകരിച്ച ശേഷം അടുത്ത ദിവസം ചാനലിൽ അരുൺകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പെൺകുട്ടിക്ക് മാനഹാനി ഉണ്ടാക്കുന്ന വിധത്തിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്ത് സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയിരുന്നു. മാധ്യമപ്രവർത്തന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ മോശം പ്രയോഗത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം റിപ്പോർട്ടർമാർക്കെതിരേ കേസെടുക്കുന്നത്.