ബ്രൂവറി അനുവദിച്ചത് സർക്കാർ നയത്തിന്റെ ഭാഗം: മന്ത്രി രാജേഷ്
Friday, January 17, 2025 6:08 AM IST
തൊടുപുഴ: എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ നിർമിക്കുമെന്നത് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമാണെന്ന് മന്ത്രി എം.ബി. രാജേഷ്. കോട്ടയം, ഇടുക്കി ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
അനുഭവസന്പത്തുള്ള സ്ഥാപനമാണ് ബ്രൂവറിക്ക് അപേക്ഷ നൽകിയത്. ആവശ്യമായ പരിശോധനകൾ നടത്തി നിയമമനുസരിച്ചുള്ള പ്രാരംഭ അനുമതിയാണ് മന്ത്രിസഭ നൽകിയത്. കേന്ദ്രസർക്കാർ ഷോർട്ട് ലിസ്റ്റ് ചെയ്ത സ്ഥാപനത്തിനാണ് അനുമതി നൽകിയത്.പദ്ധതിയിലൂടെ നിരവധി പേർക്ക് ജോലി ലഭിക്കും. കാർഷിക ഉത്പന്നങ്ങളുടെ വില വർധിക്കുന്നതിനും കാരണമാകും. എക്സൈസ് കമ്മീഷണർ കാര്യങ്ങൾ വിശദമായി പരിശോധിച്ചിട്ടുണ്ട്.
എല്ലാകാര്യത്തിലും വ്യക്തതയുമുണ്ട്. മഴവെള്ളം പ്രധാന ഘടകമാണ്. ഒപ്പം ജല അഥോറിട്ടിയുടെ വെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. പ്രതിപക്ഷത്തിന്റെ ആരോപണം സ്വാഭാവികം മാത്രമാണ്. സർക്കാർ പ്രഖ്യാപിച്ച നയം നടപ്പാക്കുന്നതിന് എന്താണ് പ്രശ്നമെന്നും മദ്യത്തിന്റെ കയറ്റുമതി ഉൾപ്പെടെയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.