സന്തോഷ് വെളിയന്നൂര്‍ ഇനി ഓര്‍മയുടെ കാന്‍വാസില്‍
Friday, January 17, 2025 6:08 AM IST
കോട്ടയം: ചിത്രരചനാ രംഗത്തു വേറിട്ട പാത തുറന്ന് നാടിനേയും നാട്ടുകാഴ്ചകളേയും കാന്‍വാസില്‍ പകര്‍ത്തിയ സന്തോഷ് വെളിയന്നൂര്‍ ഇനി ഓര്‍മയുടെ കാന്‍വാസില്‍.
പ്രിയപ്പെട്ട കലാകാരന്റെ അപ്രതീക്ഷിത വേര്‍പാട് സൃഷ്ടിച്ച ശൂന്യതയിലാണ് ചിത്രകലാ ലോകം. കഴിഞ്ഞ മൂന്നു മാസമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം ജില്ലയിലെ വെളിയന്നൂരിനു സമീപം അരീക്കര സ്വദേശിയാണ് സന്തോഷ്. ടോംസ് പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ചായിരുന്നു സന്തോഷ് കലാജീവിതത്തിനു തുടക്കമിട്ടത്.
ഫൈന്‍ ആര്‍ട്സിലും അനിമേഷനിലും ഡിപ്ലോമ നേടി. ചുവര് ചിത്രം രചന, ജലച്ചായ ചിത്രരചന, എണ്ണച്ചായം, അക്രിലിക് തുടങ്ങിയവയില്‍ സജീവമായിരുന്നു. വെളിയന്നൂര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിലെ കുട്ടികളെ സൗജന്യമായി ചിത്രരചന പഠിപ്പിച്ചിരുന്ന സന്തോഷ് നാട്ടിലെ സാംസ്കാരിക, കാര്‍ഷിക രംഗങ്ങളിലും സജീവമായിരുന്നു. വെളിയന്നൂര്‍ പഞ്ചായത്തിലെ ബഡ്സ് സ്കൂളുമായും ചേര്‍ന്നു പ്രവര്‍ത്തിച്ചു. കുട്ടികളുടെ ദീപിക, ചില്‍ഡ്രന്‍സ് ഡൈജസ്റ്റ്, ദീപിക വാര്‍ഷിക പതിപ്പ് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ചിത്രകഥ, ഇലസ്ട്രേഷന്‍സ് എന്നിവ ചെയ്തു വരികയായിരുന്നു. കുട്ടികളുടെ ദീപികയിലെ ചിത്രകഥളായ തൂഫാന്, സൂപ്പര്‍ ഡ്യൂപ്പര്‍, ഷെര്‍ലക് ബബും, ജഗുഭായി എന്നിവയിലെ ചിത്രങ്ങള്‍ സന്തോഷിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. 2024 ലെ വാര്‍ഷിക പതിപ്പില്‍ വിക് ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ എന്ന നോവലിന്റെ ചിത്രങ്ങള്‍ സന്തോഷിനെ ഏറെ ശ്രദ്ധേയനാക്കിയിരുന്നു.
പാഠപുസ്തകങ്ങള്‍ക്ക് വേണ്ടിയും ചിത്രീകരണം നിര്‍വഹിച്ചിരുന്നു. ക്രിയേറ്റേഴ്സ് എന്ന ചിത്രകല ഗ്രൂപ്പിലെ പ്രധാന സംഘാടകന്‍ എന്ന നിലയിലും കേരള ചിത്രകലാപരിഷത്ത് അംഗം എന്ന നിലയിലും കേരളത്തിനകത്തും പുറത്തും നിരവധി ചിത്രപ്രദര്ശനങ്ങളില് പങ്കെടുത്തിട്ടുണ്ട്. ആനിമേഷന്‍ രംഗത്തും പ്രവര്‍ത്തിച്ചിരുന്നു. ശ്രീകല്പ്പ എന്ന പേരില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഓണ്‍ലൈന്‍ ഡ്രോയിംഗ്, പെയിന്റിംഗ് ക്ലാസുകള്‍ നടത്തിയിരുന്നു. മികച്ച ചുവര് ചിത്രകാരനുമായിരുന്നു. ജയ്പൂര്‍ ആസ്ഥാനമായ അന്താരാഷ്ട്ര സംഘടന നടത്തിയ വേള്‍ഡ് ഹെറിറ്റേജ് ആര്‍ട്ട് ഫെസ്റ്റിവലില്‍ പെയിന്റിംഗിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍.