വേദനിച്ചിട്ടുണ്ടെങ്കിൽ: മാപ്പ്
Thursday, January 16, 2025 2:33 AM IST
തൃശൂർ: സാങ്കേതികപ്രശ്നം മൂലമാണു ചൊവ്വാഴ്ച ജയിലിൽനിന്ന് ഇറങ്ങാൻ കഴിയാതിരുന്നതെന്നു ബോബി ചെമ്മണൂർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ബുധനാഴ്ച രാവിലെയാണു റിലീസ് ഓർഡർ എത്തിയത്. ചൊവ്വാഴ്ച എത്തുമെന്നു പറഞ്ഞെങ്കിലും ആരും എത്തിയിരുന്നില്ല. പിന്നീടാണു സാങ്കേതികപ്രശ്നമാണെന്ന് അറിഞ്ഞത്.
മറ്റു തടവുകാരുടെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടല്ല ജയിലിൽനിന്ന് ഇറങ്ങാതിരുന്നത്. ഒരുപാടുപേർ ചെറിയ കേസുകളിൽ അകപ്പെട്ടവരായുണ്ട്. നിരവധി പേർ സഹായം ചോദിച്ചു. ബോച്ചെ ഫാൻസ് സഹായം ചെയ്തുവരുന്നുണ്ട്.
അതിനുവേണ്ടി ഒരു കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പക്ഷേ, ഇതിനായി ജയിലിൽനിന്നു പുറത്തിറങ്ങാതെ ഇരുന്നിട്ടില്ല. കോടതിയെ ധിക്കരിച്ചിട്ടില്ല. കോടതിയോടു ബഹുമാനം മാത്രമാണുള്ളത്.
കോടതിയെ ധിക്കരിച്ചാണു താൻ പുറത്തിറങ്ങാത്തതെന്നു പറയുന്നതു തെറ്റാണെന്നും ജാമ്യം നൽകിക്കൊണ്ടുള്ള പേപ്പറിൽ ഒപ്പിടാൻ വിസമ്മതിച്ചിട്ടില്ലെന്നും ബോബി ചെമ്മണൂർ വിശദമാക്കി. നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ട്. മാധ്യമശ്രദ്ധ കിട്ടാനുമല്ല താൻ ജയിലിൽനിന്ന് ഇറങ്ങാതിരുന്നത്.
ഒരാളെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നു ബോബി പറഞ്ഞു. ഏതെങ്കിലും തരത്തിൽ വേദനിച്ചിട്ടുണ്ടെങ്കിൽ മാപ്പുചോദിക്കുകയാണ്. ഭാവിയിൽ സംസാരിക്കുന്പോൾ ശ്രദ്ധിക്കും. തമാശയ്ക്കാണെങ്കിലും വാക്കുകൾ ഉപയോഗിക്കുന്പോൾ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായി. നമ്മൾ കാരണം ആർക്കും വേദനയുണ്ടാകാൻ പാടില്ല. തമാശരൂപേണയാണു സാധാരണ സംസാരിക്കാറുള്ളത്. വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ.
ആരെയും വിഷമിപ്പിക്കാനായി ഒന്നും ചെയ്തിട്ടില്ലെന്നും ഉദ്ഘാടനത്തിനു താരങ്ങളെ കൊണ്ടുവന്നതു മാർക്കറ്റിംഗ്, സെയിൽസ് എന്നിവ മുന്നിൽക്കണ്ടുതന്നെയാണെന്നും ബോബി വ്യക്തമാക്കി. താൻ ജയിലിലായതു ബിസിനസിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.