"ജുഡീഷറിക്കു മുകളില്‍ പറക്കാന്‍ നോക്കണ്ട’; ബോബി ചെമ്മണൂരിനെ കുടഞ്ഞ് ഹൈക്കോടതി
Thursday, January 16, 2025 2:45 AM IST
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലില്‍നിന്നിറങ്ങാൻ കൂട്ടാക്കാതെയുള്ള ബോബി ചെമ്മണൂരിന്റെ നാടകംകളിയില് അസാധാരണ ഇടപെടലുമായി ഹൈക്കോടതി.
മൂന്നു തവണ കേസ് പരിഗണിച്ച കോടതി ബോബിക്കെതിരേ അതിരൂക്ഷ വിമര്‍ശനമാണു നടത്തിയത്. ഒടുവിൽ ബോബിയുടെ നിരുപാധിക മാപ്പപേക്ഷ കണക്കിലെടുത്ത് ജാമ്യം റദ്ദാക്കലടക്കം തുടര്‍നടപടികളിലേക്കു കടക്കാതെ വിഷയം കോടതി അവസാനിപ്പിച്ചു.
സഹതടവുകാരില്‍ ചിലരുടെ വക്കാലത്തു പിടിച്ച് കോടതി ഉത്തരവിനെ അവഹേളിക്കുന്ന പ്രവൃത്തിയാണ് ബോബിയില്നിന്നുണ്ടായതെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് നടപടി സ്വീകരിച്ചത്.
ബോബി ചെമ്മണൂരിന് ചൊവ്വാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ജയിലില്‍ തുടരേണ്ടിവരുന്ന ചില സഹതടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അന്നു ജയില്‍ വിടാതിരുന്ന ബോബിയുടെ നടപടി മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഈ പശ്ചാത്തലത്തിലാണു കോടതി വിഷയം ഇന്നലെ രാവിലെതന്നെ സ്വമേധയാ പരിഗണിച്ചത്.
ബോബിയുടെ അഭിഭാഷകനും ഗവ. പ്ലീഡറും കോടതിയില്‍ ഹാജരാകാനുള്ള നിര്‍ദേശം ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ച് നല്‍കിയതോടെ ബോബി ചെമ്മണൂരിനെതിരേ ശക്തമായ നടപടിക്ക് വഴിതുറക്കുന്നതായ വാര്‍ത്തകള്‍ പ്രചരിച്ചു. കോടതി നടപടികള്‍ ആരംഭിച്ചയുടന്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് അഭിഭാഷകരോട് കോടതി വിശദീകരണം തേടുകയാണ് ആദ്യം ചെയ്തത്. ജാമ്യം ലഭിച്ചശേഷം എന്താണു സംഭവിച്ചതെന്നു കോടതി ആരാഞ്ഞു.
ജാമ്യം നല്കിയ ഉത്തരവ് 4.08ന് ഹൈക്കോടതി അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും 4.45ന് മജിസ്ട്രേറ്റ് കോടതി റിലീസ് ഓര്‍ഡര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയെ വിളിച്ച് സ്ഥിരീകരിച്ചിട്ടുള്ളതായി കോടതി പറഞ്ഞു. എന്നിട്ടും എന്തെങ്കിലും സാങ്കേതിക പ്രശ്നത്തിന്റെ പേരിലാണോ പുറത്തിറങ്ങാനാകാതിരുന്നതെന്ന് കോടതി ചോദിച്ചു.
ഇന്നലെ രാവിലെ ഒമ്പതിനുശേഷമാണ് റിലീസിംഗ് ഓര്‍ഡര്‍ കിട്ടിയതെന്ന് ബോബിക്കുവേണ്ടി ഹാജരായ അഭിഭാഷകന് അറിയിച്ചു. വിശദീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി തുടര്‍ന്ന് അതിരൂക്ഷമായ വിമര്‍ശനമാണു നടത്തിയത്. തുടര്‍ന്ന് ചൊവ്വാഴ്ചത്തെ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍ദേശിച്ച കോടതി വിഷയം വീണ്ടും ഉച്ചയ്ക്ക് 12ന് പരിഗണിക്കാന്‍ മാറ്റി.
ഉച്ചയ്ക്കു കേസ് പരിഗണിക്കവേ ഇന്നലെ രാവിലെ 9.09ന് മാത്രമാണു റിലീസിംഗ് ഓര്‍ഡര്‍ കിട്ടിയതെന്ന് ബോബിയുടെ അഭിഭാഷകന് അറിയിച്ചു. എന്നാല്‍, മാധ്യമങ്ങള്‍ വഴി പ്രതി നടത്തിയ നാടകത്തില്‍ ജയിലില്‍ തുടരാനുള്ള കാരണമായി പ്രതി പറഞ്ഞത് ഇതല്ലെന്നു കോടതി ആവര്‍ത്തിച്ചു.
ബോബിക്കുവേണ്ടി അഭിഭാഷകന് ക്ഷമ പറഞ്ഞെങ്കിലും നിരുപാധികം ബോബി ചെമ്മണൂര്‍ മാപ്പ് പറയണമെന്ന നിലപാടിലായിരുന്നു കോടതി. ജയിലില്‍നിന്ന് ഇറങ്ങാതിരുന്നതിന് എന്താണു യഥാര്‍ഥ കാരണമെന്ന് ഹര്ജിക്കാരനോടുതന്നെ ചോദിച്ചിട്ട് അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി വീണ്ടും ഉച്ചയ്ക്ക് 1.45ന് വിഷയം പരിഗണിക്കാന്‍ മാറ്റി. ജയിലിനു പുറത്തിറങ്ങിയശേഷം മാധ്യമങ്ങളിലൂടെ എന്താണു പറഞ്ഞതെന്ന് അറിയിക്കാന്‍ പ്രോസിക്യൂഷനോടും ആവശ്യപ്പെട്ടു.