പടക്കം പൊട്ടിക്കൽ പോലീസ് തടഞ്ഞു
Thursday, January 16, 2025 2:33 AM IST
കാക്കനാട്: ഹൈക്കോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാതെ ജില്ലാ ജയിലിൽ കഴിഞ്ഞ ബോബി ചെമ്മണൂർ ഇന്നലെ പുറത്തിറങ്ങിയപ്പോൾ ജയിലിനുമുന്നിൽ പടക്കം പൊട്ടിക്കാനെത്തിയ ആരാധകനെ പോലീസ് തടഞ്ഞു.
മാലപ്പടക്കവുമായി ജയിലിനു മുന്നിൽ നിലയുറപ്പിച്ച ആരാധകൻ താൻ മെൻസ് അസോസിയേഷൻ പ്രതിനിധിയാണെന്നും പടക്കം പൊട്ടിച്ച് ആഹ്ലാദം പങ്കിട്ടേ മടങ്ങുകയുള്ളൂ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും പറഞ്ഞു.
ജയിലിനുമുന്നിൽ പടക്കം പൊട്ടിക്കാനോ, മുദ്രാവാക്യം വിളിക്കാനോ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞെങ്കിലും പടക്കം പൊട്ടിച്ചേ താൻ മടങ്ങുകയുള്ളൂവെന്നും പോലീസ് അറസ്റ്റ് ചെയ്യുമോയെന്നും ആരാധകൻ ചോദിച്ചു. തുടർന്ന് വാക്കേറ്റമായി. ആരും പിന്തുണയ്ക്കാനില്ലെന്നു മനസിലാക്കിയ ആരാധകൻ ഒടുവിൽ പടക്കവുമായി മടങ്ങി.