കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം: മുഖ്യമന്ത്രി
Friday, January 17, 2025 5:32 AM IST
തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും ഇതിനായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഐടി കന്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കണക്ടിവിറ്റിക്ക് വളരെയേറെ മുൻഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. വിമാനത്താവളങ്ങളുടെ വികസനം വേഗത്തിലാക്കാൻ കേന്ദ്രസർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി ഇതിനകം ചർച്ച നടത്തി സിവിൽ ഏവിയേഷൻ സമ്മിറ്റ് നടത്താൻ കേന്ദ്രമന്ത്രി സമ്മതിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങൾ കൂടുതൽ വികസിക്കേണ്ടതാണ്.
ഇതോടൊപ്പം ശബരിമല വിമാനത്താവളവും യാഥാർഥ്യമാകും. കൊച്ചി വാട്ടർ മെട്രോയുടെ വികസനം,കോവളം - ബേക്കൽ ദേശീയ ജലപാത എന്നിവയും ഉടൻ പൂർത്തിയാകും. ജലഗതാഗത സംവിധാനങ്ങളുടെ വികസനം കൂടുതൽ വ്യവസായ സാധ്യതകളൊരുക്കും.
കൂടുതൽ ടെക്നോപാർക്കുകൾ ആരംഭിക്കാൻ സർക്കാർ സന്നദ്ധമാണ്. മൂന്ന് ഐ ടി ഇടനാഴികൾ സംസ്ഥാനം നിർദേശിച്ചുകഴിഞ്ഞു. കേരളത്തിന്റെ നിക്ഷേപ വ്യവസായ അന്തരീക്ഷത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ യോഗത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ കേരളത്തിന്റെ അംബാസഡർമാരായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.