മദ്യമൊഴുക്കാൻ സർക്കാർ
Thursday, January 16, 2025 2:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു വീണ്ടും മദ്യമൊഴുക്കാൻ സർക്കാർ. ബിയറും വൈനും നിർമിക്കുന്ന ബ്രൂവറി യൂണിറ്റുകളും വിദേശമദ്യ നിർമാണത്തിനുള്ള ഡിസ്റ്റിലറി യൂണിറ്റുകളും പാലക്കാട് കഞ്ചിക്കോട് സ്ഥാപിക്കാൻ സ്വകാര്യ മദ്യകന്പനിക്ക് മന്ത്രിസഭായോഗം അനുമതി നൽകി. മദ്യനയത്തിൽ മാറ്റം വരുത്തിയാണ് സർക്കാരിന്റെ മാറ്റം.
ബ്രൂവറി, യൂണിറ്റ് കൂടാതെ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശമദ്യ ബോട്ടിലിംഗ് യൂണിറ്റ്, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി- വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പ്രാരംഭാനുമതി നൽകി.
നിലവിലുള്ള മാർഗനിർദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി നൽകിയത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ബ്രുവറി- ഡിസ്റ്റിലറി യൂണിറ്റുകൾ ആരംഭിക്കാൻ അനുമതി നൽകിയതിലെ വൻ അഴിമതി ചൂണ്ടിക്കാട്ടി അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നിരുന്നു.
ഇതിനു പിന്നാലെ സർക്കാർ ബ്രൂവറി യൂണിറ്റുകൾ ആരംഭിക്കാനുള്ള തീരുമാനം മടക്കിയിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും ഇതേ തീരുമാനവുമായി മുന്നോട്ടു പോകുകയാണ് സർക്കാർ.
സ്വകാര്യ മദ്യ കന്പനിക്ക് അനുമതി നൽകിയത് വൻ അഴിമതിയുടെ ഭാഗമാണെന്ന ആരോപണവുമായി പ്രതിപക്ഷം അടുത്ത ദിവസങ്ങളിൽ രംഗത്ത് എത്തും.
നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ ബ്രുവറി, ഡിസ്റ്റിലറി യൂണിറ്റുകൾ തുടങ്ങാനുള്ള തീരുമാനം നിയമസഭയിലും വൻ പ്രതിഷേധത്തിന് ഇടയാക്കും.