അഞ്ചുവയസുകാരനെ വെട്ടിക്കൊന്ന ആസാം സ്വദേശി കുറ്റക്കാരൻ
Thursday, January 16, 2025 2:33 AM IST
തൃശൂർ: അഞ്ചുവയസുകാരനെ വെട്ടിക്കൊല്ലുകയും കുഞ്ഞിന്റെ അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ആസാം സ്വദേശി ജമാൽ ഹുസൈൻ (19) കുറ്റക്കാരനെന്നു ജില്ലാ സെഷൻസ് കോടതി. ശിക്ഷ 17ന് പ്രഖ്യാപിക്കും.
2023 മാർച്ച് 30നു മുപ്ലിയത്തുള്ള ഐശ്വര്യ കോണ്ക്രീറ്റ് ബ്രിക്സ് കന്പനിയിലായിരുന്നു സംഭവം. കുഞ്ഞിന്റെ അമ്മ നജ്മ ഖാത്തൂണ്, അച്ഛൻ ബഹാരുൾ എന്നിവർ കന്പനിയിൽ താമസിച്ചാണു ജോലി ചെയ്തിരുന്നത്.
സംഭവത്തിന്റെ തലേന്നാണു നജ്മയുടെ വല്യമ്മയുടെ മകനായ ജമാൽ ഹുസൈൻ എത്തിയത്. നാട്ടിലെ സ്വത്തുതർക്കത്തിൽ നജ്മയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്നെങ്കിലും പുറത്തുകാട്ടിയില്ല.
പിറ്റേന്നു രാവിലെ ഏഴിനു ബഹാരുളും മറ്റു പണിക്കാരും ജോലിക്കായി ഫാക്ടറിയിൽ കയറിയയുടൻ അടുക്കളയിലായിരുന്ന നജ്മയെ വെട്ടുകത്തിയുപയോഗിച്ചു തലയിലും കൈകളിലും വെട്ടിപ്പരിക്കേൽപ്പിച്ചശേഷം തൊട്ടടുത്തു ഭക്ഷണം കഴിക്കുകയായിരുന്ന അഞ്ചുവയസുകാരൻ നജുറുൾ ഇസ്ലാമിന്റെ കഴുത്തിൽ വെട്ടുകയായിരുന്നു. കുഞ്ഞ് തത്ക്ഷണം മരിച്ചു. നജ്മയുടെ വിരലറ്റു. രണ്ടു കൈകളുടെയും എല്ലൊടിഞ്ഞു. തലയിൽ മാരകമായി പരിക്കേറ്റു.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ജോലിക്കാർ ചേർന്നു പിടികൂടി കെട്ടിയിട്ടു പോലീസിൽ ഏല്പിക്കുകയായിരുന്നു. വരന്തരപ്പിള്ളി പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
പ്രതിക്കു മാനസിക രോഗമുണ്ടെന്നും കേസിൽ പെടുത്തിയതാണെന്നും ആസാമിൽനിന്നും കേരളത്തിൽനിന്നും ഹാജരായ അഭിഭാഷകർ വാദിച്ചെങ്കിലും ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു.
ഹൈക്കോടതിയിലടക്കം പലവട്ടം ജാമ്യഹർജിയുമായി പോയെങ്കിലും നിഷേധിച്ചു. വിചാരണത്തടവുകാരനായിട്ടാണ് പ്രതി കോടതി നടപടികൾ പൂർത്തിയാക്കിയത്. ഇയാളുടെ പ്രായം ശിക്ഷ നൽകുന്നതിനു ബാധകമാക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു, ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ബി. സുനിൽ കുമാർ എന്നിവർ ഹാജരായി.