റഷ്യയിലേക്കു മനുഷ്യക്കടത്ത്: മുഖ്യമന്ത്രിക്കു പരാതി നൽകി
Friday, January 17, 2025 5:32 AM IST
വടക്കാഞ്ചേരി: തന്റെ മകനെയും ബന്ധുവിനെയും റഷ്യയിലേക്കു കടത്തി കൂലിപ്പട്ടാളത്തിൽ കുടുക്കിയവർക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് റഷ്യയിൽ യുദ്ധമുഖത്തു പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജെയ്നിന്റെ പിതാവ് കുര്യൻ മുഖ്യമന്ത്രിക്കു പരാതി നൽകി.
പോളണ്ടിൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനംചെയ്താണ് തെക്കുംകര കുത്തുപാറ സ്വദേശിയായ ജെയ്ൻ ( 27), ബന്ധു കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബു(27) എന്നിവരിൽനിന്നു ലക്ഷങ്ങൾ തട്ടിയെടുത്തശേഷം റഷ്യയിലെത്തിച്ചത്. തയ്യൂർ സ്വദേശി സിബി, എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവർക്കെതിരേയാണ് പരാതി.
എറണാകുളത്ത് ഒരു ഷോറൂമിൽ മെക്കാനിക്കായിരുന്ന ജെയ്ന്റെ അകന്ന ബന്ധുവായ സിബി തനിക്കു പോളണ്ടിൽ എക്സ്റേ വെൽഡിംഗ് ജോലിയാണെന്നു വിശ്വസിപ്പിച്ച്, മാസം രണ്ടുലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനംചെയ്ത് 1,40,000 രൂപ കൈപ്പറ്റി. പിന്നീട്, റഷ്യയിൽ ഇലക്ട്രീഷനായി ജോലി നൽകാമെന്ന് ഉറപ്പുനൽകി. മികച്ച ജോലിയാണെന്നു തെറ്റിദ്ധരിച്ച് ബന്ധുവായ ബിനിലും പോകാൻ തയാറാവുകയായിരുന്നു.
ഇതോടെ സുമേഷ് ആന്റണി എന്നയാൾ ടിക്കറ്റിനും മറ്റുമെന്ന പേരിൽ നാലു ലക്ഷത്തോളം രൂപ കൈപ്പറ്റി. റഷ്യയിൽ വിമാനമിറങ്ങിയ ഉടൻ സന്ദീപ് തോമസ് ഇരുവരുടെയും പാസ്പോർട്ടുകൾ പിടിച്ചുവാങ്ങുകയും റഷ്യൻ പാസ്പോർട്ടിന് അപേക്ഷകൾ ഒപ്പിട്ടുവാങ്ങുകയും ചെയ്തു. തുടർന്ന് സൈനിക ക്യാമ്പിലെത്തിച്ചു. അതികഠിനമായ സൈനികപരിശീലനം നൽകി. എകെ 47 തോക്കുകൾ ഉപയോഗിക്കാൻ നിർബന്ധിച്ചു പരിശീലിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
വഞ്ചനയാണു റിക്രൂട്ടിംഗ് ഏജൻസി നടത്തിയിട്ടുള്ളത്. മകന്റെ ജീവൻ രക്ഷിക്കണമെന്നും കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ഡിജിപി, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ, വടക്കാഞ്ചേരി പോലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ എന്നിവർക്കും പരാതിയുടെ കോപ്പി നൽകിയിട്ടുണ്ട്.