കമ്മീഷനിൽ നിയമിച്ചതിനെതിരേ ക്യാറ്റിൽ ഹർജി നൽകി ബി. അശോക്
സ്വന്തം ലേഖകൻ
Friday, January 17, 2025 6:07 AM IST
തിരുവനന്തപുരം: വകുപ്പിൽ നിന്നു മാറ്റി സർക്കാരിനു പുറത്ത് തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷനായി സർക്കാർ നടപടിക്കെതിരേ നിയമനടപടി സ്വീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മിഷനായി നിയമിച്ചതിനെതിരേ ബി.അശോക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഹർജി ഇന്നു രാവിലെ 10.30നു പരിഗണിച്ചേക്കും.
സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചാണ് നിയമനമെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവുകൾക്കു വിരുദ്ധമാണ് സർക്കാർ നടപടിയെന്നും ഹർജിയിൽ പറയുന്നു. തദ്ദേശസ്വയംഭരണ പരിഷ്കരണ കമ്മീഷൻ തസ്തിക പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയ്ക്ക് തുല്യമായതല്ല.
നിയമിച്ച ശേഷമാണ് കമ്മീഷൻ രൂപീകരിച്ചത്. ജീവനക്കാരുടെ എണ്ണം പോലും നിശ്ചയിച്ചിട്ടില്ല. സന്നദ്ധത ആരാഞ്ഞ ശേഷമേ കേഡറിനു പുറത്തേക്ക് ഡെപ്യൂട്ടേഷൻ പാടുള്ളൂ എന്ന ചട്ടവും ലംഘിച്ചു. കമ്മീഷനിൽ ചുമതലയേൽക്കാനാവില്ലെന്ന് അശോക് നേരത്തേ ചീഫ്സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു.