ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് സമാപിച്ചു
Thursday, January 16, 2025 2:33 AM IST
കൊച്ചി: കുസാറ്റില്‍ സംഘടിപ്പിച്ച ദ്വിദിന ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ വ്യവസായ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മേധാവികളുടെ സംയുക്ത യോഗം വിളിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്.
കോണ്‍ക്ലേവിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ക്ലേവില്‍ നടന്ന വിവിധ സെഷനുകളുടെ ഭാഗമായി രൂപപ്പെട്ട നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും ഏറെ വിലപ്പെട്ടതാണ്.
വ്യവസായ മേഖലയുടെ സഹകരണം ആവശ്യമായ കാര്യങ്ങളില്‍ പരമാവധി പിന്തുണ ഉണ്ടാകും. ഇക്കാര്യത്തില്‍ വ്യവസായ സമൂഹത്തിന്റെ പിന്തുണയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ നടന്ന സമാപനസമ്മേളനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിച്ചു.
വ്യവസായ-അക്കാദമിക് സഹകരണത്തിന് പാഠ്യപദ്ധതിയില്‍ പ്രാധാന്യം നല്‍കും: ആര്. ബിന്ദു
കൊച്ചി: വ്യവസായ-അക്കാദമിക് സഹകരണത്തിന് ഉന്നതവിദ്യഭ്യാസ പാഠ്യപദ്ധതിയില്‍ പ്രാധാന്യം നല്‍കുമെന്ന് മന്ത്രി ആര്.ബിന്ദു വ്യക്തമാക്കി. വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി.
വളര്‍ന്നുവരുന്ന വ്യവസായ മേഖലയ്ക്ക് അനുസൃതമായി വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്ന തലത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സജ്ജമാക്കും.
പാഠ്യപദ്ധതികള്‍ ആധുനിക ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കുന്നതിന് അധ്യാപക പരിശീലന പരിപാടികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.എല്ലാവര്‍ഷവും വിദ്യാഭ്യാസ കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കും.
കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്ന ആശയങ്ങളെ പ്രയോഗികതലത്തിലേക്ക് മാറ്റുന്നതിന് പോസ്റ്റ് കോണ്‍ക്ലേവ് ശില്പശാലകളും എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവര്‍ നിര്‍ദേശിക്കുന്ന പ്രമുഖ അലുമ്നി അംഗങ്ങളെയും ഉള്‍പ്പെടുത്തി അലുമ്നി കോണ്‍ക്ലേവും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.