ഇന്ത്യൻ മിലിട്ടറി കോളജ് : യോഗ്യതാ പരീക്ഷ ജൂൺ ഒന്നിന്
Friday, January 17, 2025 5:32 AM IST
തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2026 ജനുവരി മാസത്തിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷ തിരുവനന്തപുരം, പൂജപ്പുര, പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനു നടത്തും.
ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാർഥി ആർഐഎംസി പ്രവേശനസമയത്ത് അതായത് 2026 ജനുവരി ഒന്നിന് ഏതെങ്കിലും അംഗീകൃത സ്കൂളിൽ ഏഴാംക്ലാസ് പഠിക്കുകയോ, ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. പരീക്ഷാർഥി 2013 ജനുവരി രണ്ടിനും 2014 ജൂലൈ 1നും ഇടയിൽ ജനിച്ചവരായിരിക്കണം. (അതായത് 2026 ജനുവരി 1ന് അഡ്മിഷൻ സമയത്ത് പതിനൊന്നര വയസ് മുതൽ 13 വയസ് വരെ പ്രായമുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനനത്തീയതി മാറ്റം അനുവദിക്കുന്നതല്ല.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കണം. ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും എസ്സി/ എസ്ടി വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. എസ്സി/ എസ്ടി വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷാഫോമിന് അപേക്ഷിക്കാം. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. നിർദിഷ്ട അപേക്ഷ ലഭിക്കുന്നതിനായി മേൽ പരാമർശിച്ച തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് “THE COMMA NDANT, RIMC FUND”, DRAWEE BRAN CH, HDFC BANK, BALL UPUR CHOWK, DEHRADUN, (BANK CODE-1399), UTTAR AKHAND എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ “THE COMMAND ANT, RASH TRIYA INDIAN MILITARY COLLEGE, GARHI CANTT, DEHRADUN, UTTARA KHAND, PIN- 248003” എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc. gov.in വെബ്സൈറ്റിൽ ലഭ്യമാണ്.
മേൽവിലാസം വ്യക്തമായി പിൻകോഡ്, ഫോൺനമ്പർ ഉൾപ്പെടെ ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ എഴുതണം. അപൂർണമായ മേൽവിലാസം കാരണമോ, തപാൽ വകുപ്പിന്റെ വീഴ്ച കാരണമോ അപേക്ഷ ലഭിക്കുന്നതിന് കാലതാമസം നേരിട്ടാൽ ആയതിന് ആർഐഎംസി ഉത്തരവാദിയായിരിക്കുന്നതല്ല.
കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ നിന്നും ലഭിക്കുന്ന നിർദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് മാർച്ച് 31 നു മുൻപായി ലഭിക്കുന്ന തരത്തിൽ “സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം- 12” എന്ന വിലാസത്തിൽ ചുവടെ പരാമർശിക്കുന്ന രേഖകൾ സഹിതം അയയ്ക്കണം.
ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ നിന്നും ലഭിച്ച നിർദിഷ്ട അപേക്ഷാ ഫോം (സ്കൂളിലെ മേലധികാരി സാക്ഷ്യപ്പെടുത്തിയ 2 കോപ്പി), പാസ്പോർട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോകൾ (ഒരു കവറിൽ ഉള്ളടക്കം ചെയ്തിരിക്കണം), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരമായ മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 2 പകർപ്പുകൾ, നിലവിൽ വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ മേലധികാരി വിദ്യാർഥിയുടെ ജനനതീയതിയും ഏതു ക്ലാസിൽ പഠിക്കുന്നു എന്നുള്ളതും രേഖപ്പെടുത്തി ഫോട്ടോ സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ് (ഒരു പകർപ്പ് സഹിതം ഉള്ളടക്കം ചെയ്തിരിക്കണം), പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ടു പകർപ്പ് ഉള്ളടക്കം ചെയ്തിരിക്കണം, ആധാർ കാർഡിന്റെ ഇരുവശവും ഉൾപ്പെടുത്തിയ രണ്ടുപകർപ്പ് (ഇരുവശവും ഇല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണ്), 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽവിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്).